Wednesday 14 June 2017

മൈ ബോസ്



വളരെ സ്ട്രിക്റ്റും ഡിസ്സിപ്ലിൻഡും ആണ് എന്റെ ബോസ്. ഞാൻ അതിന്റെ നേരെ മറിച്ചും. ജോലികൾ ഏതു വിധേനെയും തീർത്തു വീട്ടിൽ പോവുക എന്നതാണ് എന്റെ ലക്ഷ്യം. പ്രൊഫഷണൽ ലൈഫ് അത്ര സീരിയസ് ആയിട്ടൊന്നും ഞാൻ കണ്ടിട്ടില്ല എന്നതാണ് സത്യം. ആർക്കോ വേണ്ടി എന്തൊക്കെയോ ചെയ്യുന്നു! മാസാവസാനം കിട്ടുന്ന ശമ്പളത്തിൽ മാത്രമാണ് കണ്ണ്. എന്നാൽ, ശരിയായ രീതിയിൽ ശരിയായ സമയത്തു പണിയെടുക്കുക എന്നതാണ് ബോസ്സിന്റെ തത്വം.  അതുകൊണ്ടു തന്നെ, ഞങ്ങൾ ഒത്തുപോവില്ല എന്ന കാര്യം എനിക്കുറപ്പായിരുന്നു.

ബോസ്സുമൊത്തുള്ള മീറ്റിങ്ങുകളിൽ നിന്ന്, ഡിസ്കഷനുകളിൽ നിന്ന് ഞാൻ പറ്റുന്നതത്ര ഒഴിഞ്ഞു നിൽക്കും. മറ്റാരെയെങ്കിലും പറഞ്ഞു വിട്ടു കാര്യം നടത്തും. ഇങ്ങനെ നേർവര പോലുള്ള ഒരാൾ ഭൂമിക്കു ഭാരമാണ് എന്നതായിരുന്നു എന്റെ അഭിപ്രായം. അഭിപ്രായം മാറിയ കഥയാണ് പറയാൻ തുടങ്ങിയത്. അതിനു മുൻപ്, മറ്റൊരു കഥ പറയാം; ഇത്രയും ഇവിടിരിക്കട്ടെ.

ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം. LSS ' എന്ന പേരിൽ  ഒരു സ്കോളർഷിപ് എക്സാം ഉണ്ടായിരുന്നു പണ്ട്, നാലാം ക്ലാസ്സിൽ(ഇപ്പോഴുണ്ടോ ആവോ? അറിയില്ല). ഇതിൽ യോഗ്യത നേടുന്നവർക്ക് അപ്പർ പ്രൈമറി ക്ലാസ്സുകളിൽ ഒരു നിശ്ചിത തുക സ്കോളർഷിപ് ആയി കിട്ടുമായിരുന്നു. അന്ന് അത് ഓരോ വർഷവും 75  രൂപ ആയിരുന്നു എന്നാണ് എന്റെ ഓർമ. അതിലെ മലയാളം പരീക്ഷയാണ് രംഗം.

രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ഒന്നരമണിക്കൂർ ആയപ്പോഴേക്കും ഒരു ചോദ്യം ഒഴിച്ച് മറ്റെല്ലാം എന്റെ എഴുതി കഴിഞ്ഞു. എഴുതിയതെല്ലാം ശരിയെന്നും ഉറപ്പ്. ബാക്കിയുള്ള ഒരു ചോദ്യത്തിൽ ഒരു ചെറിയ കൺഫ്യൂഷൻ. സാഹിത്യകാരന്മാരും കൃതികളും ചേരുംപടി ചേർക്കലാണ് ചോദ്യം. അറിയാത്തതു വി . കെ . എൻ എഴുതിയ കൃതി ഏതാണെന്നാണ്. എതിരെ രണ്ടു കൃതികളുണ്ട്. ഞാൻ ചിന്തിച്ചിരിപ്പാണ്. എന്ത് ചെയ്യണം?

പരീക്ഷ തുടങ്ങിയപ്പോൾ മുതൽ 'ഇൻവിജിലേറ്റർ' ആയി വന്ന അദ്ധ്യാപകൻ ഇടയ്ക്കിടെ ഞാൻ എഴുതുന്നത് നോക്കി നിൽക്കുന്നുണ്ടായിരുന്നു. എല്ലാ ഉത്തരങ്ങളും ശരിയായി എഴുതുന്ന ഒരു വിദ്യാർത്ഥി അദ്ധ്യാപകനിൽ സന്തോഷമുണ്ടാക്കികാണണം. അങ്ങനെയുള്ള ഒരു വിദ്യാർത്ഥിക്ക് ഒരു മാർക്ക് നഷ്ടപ്പെടുന്നത് അദ്ദേഹത്തിന് വിഷമകരവുമായിരിക്കണം. അദ്ദേഹം എന്റെ അടുത്ത് വന്നു ചോദ്യ പേപ്പറിൽ 'അധികാരം' എന്ന ഉത്തരത്തിൽ കൈ വച്ചു. ഉത്തരം എനിക്ക് മനസ്സിലായി. പക്ഷെ, പരീക്ഷ നടത്താൻ നിയോഗിക്കപ്പെട്ട ഒരധ്യാപകൻ പരീക്ഷ എഴുതുന്ന ഒരു വിദ്യാർത്ഥിയെ സഹായിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം മഹാപാപമായിരുന്നു. ഒട്ടുമേ നടക്കാൻ പാടില്ലാത്ത സത്യവിരുദ്ധമായ ഒരു കാര്യം. അതുകൊണ്ടു തന്നെ, ഞാൻ ഉത്തരം എഴുതിയില്ല. അത് മനസ്സിലാക്കി, അദ്ദേഹം വീണ്ടും എന്റെ അടുത്ത് വന്ന്, 'അധികാരം ആണ് ഉത്തരം' എന്ന് കുറച്ചു ശബ്ദത്തിൽ തന്നെ പറഞ്ഞു തന്നു. എന്റെ സത്യസന്ധതയെ അലോസരപ്പെടുത്തിയ  പ്രവൃത്തിയിൽ വല്ലാത്ത അസഹിഷ്ണുതയോടെ, ഉത്തരം എഴുതാതെ തന്നെ ഉത്തരക്കടലാസുകൾ മടക്കി കൊടുത്തു ഇറങ്ങിപ്പോന്നു. 'kettle ' എന്ന വാക്കിന്റെ തെറ്റായ സ്പെല്ലിങ് തിരുത്താൻ വിസമ്മതിച്ച ഒരു കൊച്ചു കുട്ടിയുടെ കഥയായിരിക്കണം എന്നിൽ സത്യസന്ധനെ സൃഷ്ടിച്ചത്. വീട്ടിലെത്തി അനുഭവം പറഞ്ഞപ്പോൾ കെട്ടവരെല്ലാം ചിരിച്ചു; എന്റെ പ്രായോഗിക ബുദ്ധിയില്ലായ്മയെ കളിയാക്കി.

‘ബോസ് വിളിക്കുന്നു’ എന്ന അറിയിപ്പിൽ ഗത്യന്തരമില്ലാതെ ഞാൻ ബോസ്സിനടുത്തെത്തി. ബോസിന് ലീവ് പോണം.
 "അമ്മ ഹോസ്പിറ്റലൈസ്ഡ്ആണ്. ചേട്ടൻ വിളിച്ചിരുന്നു. ഇച്ചിരി സീരിയസ് ആണ്. മസ്റ്റ് ഗോ ദിസ് ടൈം."
അയാളുടെ ലീവ് അപ്പ്രൂവ് ചെയ്യേണ്ടത് ഞാൻ ആണെന്ന് തോന്നും പറച്ചിൽ കേട്ടാൽ. ഒരു നൂറു കൂട്ടം പണികൾ തലയിൽ വച്ചു തരാനുള്ള മുഖവുരയാണത്. ഞാൻ മനസ്സിലോർത്തു. എന്തെങ്കിലും ചോദിച്ചില്ലെങ്കിൽ മോശമല്ലേ എന്ന് കരുതി ഞാൻ ചോദിച്ചു "അമ്മക്ക് എന്ത് പറ്റി സർ?"

" അമ്മക്ക് വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. പക്ഷെ, ഓർമ പുറകിലോട്ടു പോയ്കൊണ്ടിരിക്കുകയാണ്. 'അമ്മയുടെ ഓർമ ഇപ്പോൾ എന്റെ സ്കൂൾ കാലഘട്ടത്തിലാണ്. ഇപ്പൊ ചേട്ടൻ വിളിച്ചപ്പോൾ പറഞ്ഞു. രമേഷ് സ്കൂളിൽ നിന്ന് വന്നില്ലേ എന്ന് ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരിക്കാണെന്ന്. "

എനിക്ക് എന്തോ എന്റെ അമ്മയുടെ മുഖമാണ് പെട്ടന്ന് ഓർമ വന്നത്.

" തനിക്കറിയോ , അത്ര അറ്റാച്ചഡ് ഒന്നുമല്ല ഞാൻ വീട്ടുകാരുമായി. പക്ഷെ, ഇത് കേട്ടപ്പോൾ എന്തോ ഒരു നീറ്റൽ. അല്ലെങ്കിൽ ഇവിടുത്തെ നൂറുകൂട്ടം പണികൾ തീർക്കാതെ പോകാൻ മനസ്സ് വരില്ല"

ഇയാളുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ എപ്പോഴേ അമ്മക്കടുത്തെത്തിയേനെഞാൻ മനസ്സിലോർത്തു.

" നമുക്ക് ശമ്പളം തരുന്നവരോട് ഒരു കടമ നമുക്കില്ലേ? ഞാൻ ജോലിയിൽ ജോയിൻ ചെയ്തു ഒരു മാസത്തിനുള്ളിലായിരുന്നു എന്റെ ചേട്ടന്റെ വിവാഹം. അതിനു ഞാൻ പോയില്ല. ആരും ലീവ് തരില്ല എന്നൊന്നും പറഞ്ഞിട്ടല്ല. ഞാൻ ലീവ് ചോദിച്ചു പോലുമില്ല എന്നതാണ് സത്യം. കാരണം, എന്റെ ബോസ് ആണ്. ഹി വാസ് ഗ്രേറ്റ് മാൻ . അദ്ദേഹം ആദ്യ ദിവസം തന്നെ എന്നോട് പറഞ്ഞു- പേർസണൽ റിക്യുർമെന്റ്സ് ഒരുപാടു വരും നമുക്ക്. പക്ഷെ, നമുക്ക് ശമ്പളം തരുന്നവരോട് നമുക്കൊരു കടമയുണ്ട്. ഇത് രണ്ടും prioritise  ചെയ്ത് ബാലൻസ് ചെയ്ത് കൊണ്ട് പോണം എന്ന്. "

ഞാൻ  മിണ്ടാതെ തലയാട്ടികൊണ്ടിരുന്നു.

" അന്ന് ഞാൻ പ്രൊഫഷന് മുൻഗണന കൊടുത്തു. ചേട്ടന്റെ കല്യാണത്തിന് പോയില്ല. ഇപ്പോൾ ഞാൻ മുൻഗണന കൊടുക്കേണ്ടത്, എന്റെ വ്യക്തിപരമായ കാര്യത്തിനാണെന്നു തോന്നുന്നു. അത് ശരിയല്ലേ?" ബോസ് പറഞ്ഞു നിർത്തി , ഒരു ഉത്തരത്തിനായി എന്റെ കണ്ണുകളിലേക്കു ഉറ്റുനോക്കി.

എന്റെ മുന്നിലിരിക്കുന്നത് ഉത്തരക്കടലാസുകൾ മടക്കി കൊടുത്തു് പരീക്ഷാ ഹാളിൽ നിന്നും ഇറങ്ങിപ്പോയ കൊച്ചു കുട്ടിയാണെന്ന് എനിക്ക് തോന്നി. അധ്യാപകൻ പറഞ്ഞു തന്ന ഉത്തരം എഴുതാതിരുന്ന അതെ മനസ്ഥിതി തന്നെയാണ് ചേട്ടന്റെ കല്യാണത്തിൽ പങ്കെടുക്കാതിരുന്നതിനു പിന്നിലും.

പിന്നെ ഒന്നു കൂടി ഞാൻ അറിഞ്ഞു. നഷ്ടപെട്ടത് മുഴുവൻ എനിക്കാണ്; സത്യസന്ധത, നിഷ്കളങ്കത, നന്മ.!!!

*******
ഹരീഷ് കുമാർ സി

Monday 9 January 2017

ഛിദ്രം



        ആഴങ്ങളിലേക്ക് കുത്തിയിറക്കപ്പെട്ട ഇരുമ്പു ദണ്ഡുകൾ ഉറക്കചരടുകൾ കഷ്ണിച്ചപ്പോഴാണ് ഡോക്ടർ അന്നും കണ്ണ് തുറന്നത്. ഭക്ഷണത്തിനു മുൻപേ അകത്താക്കുന്ന നാല് പെഗ് വിസ്കിയുടെ ലഹരിയിലാണ് അയാൾ അത്ര നേരമെങ്കിലും ഉറങ്ങാറ്. അയാൾ തൊട്ടടുത്ത് കിടക്കുന്ന ഭാര്യയെ നോക്കി. ഇടതുവശം ചെരിഞ്ഞു കിടന്നു നല്ല ഉറക്കത്തിലാണ്. അവൾ ഗർഭിണിയായ ശേഷം താൻ കർശനപ്പെടുത്തിയ പുതിയ ചിട്ടവട്ടങ്ങൾ കൊണ്ട് അവൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു, ഇടതു വശം ചെരിഞ്ഞുള്ള ഉറക്കം. പാവം..! ഇപ്പൊ ശീലമായിരുന്നു.

    ഡോക്ടർ ടവ്വൽ എടുത്തു മുഖത്തെ വിയർപ്പൊപ്പി. മെഡിക്കൽ കോളേജ് പഠനകാലത്തെ പ്രണയിനി ഇന്ദുവിനെ പെട്ടെന്നോർത്തു. ഇങ്ങനെ തന്നെയാണ് പതിവ്. ഉണർന്നു കഴിഞ്ഞാൽ പിന്നെ ചിന്തകളുമായി മല്ലിട്ടു കിടക്കാനേ അയാൾക്ക്പറ്റാറുള്ളൂ. ഒരു ആന്വൽ ഡേ ആഘോഷത്തിനിടെ ബാക്ക് സ്റ്റേജിൽ വച്ചാണ് ആരോ പാവത്തിനെ... ഡോക്ടർക്ക് എന്തോ എരിഞ്ഞു തികട്ടി. പ്രതിഷേധങ്ങളും നീതിക്കായുള്ള മുറവിളിയുമായി ദിവസങ്ങൾ കഴിഞ്ഞു. ഇന്ദു ആകെ മാറി, തന്നിൽ നിന്ന് അകന്നു. തന്നിൽ നിന്നല്ല; അവളിൽ നിന്ന് തന്നെ. തന്റെ ചുറ്റുമുള്ളവരിൽ ഒരാളാണ് അത് ചെയ്തത് എന്ന ചിന്ത അയാളിൽ പലതും കീറി മുറിച്ചു. അത് താൻ തന്നെയുമാവാം എന്ന ചിന്തയിലാണ് അയാൾക്ക് ഉറക്കം നഷ്ടപ്പെട്ട് തുടങ്ങിയത്

    ഭയാശങ്കകളോടെ അയാൾ വിവാഹത്തിൽ നിന്നും മാറി നിന്നു. ഭാര്യയുടെ സുരക്ഷിതത്വം അയാളിൽ ഒരു ചോദ്യചിഹ്നത്തിന്റെ ഞെട്ടലുണ്ടാക്കി. അമ്മയുടെ ആത്മഹത്യാഭീഷണിയാണ് പിന്നെ അയാളെ ഒരു വിവാഹപ്പന്തലിൽ കൊണ്ടിരുത്തിയത്.

ഇന്ദുവിന്മുഖവും പേരും മാറി മാറി വന്നു. പത്രങ്ങളിൽ, ചാനലുകളിലെ വാർത്താഘോഷങ്ങളിൽ, സുഹൃത്തുക്കൾക്കൊപ്പമുള്ള ചർച്ചകളിൽ ... ഓരോ ദിവസവും ഇന്ദുവിന്പുതിയ മുഖം, പുതിയ പേര്, പുതിയ പ്രായം..!!

    ഭാര്യ ഗര്ഭിണിയായതു അയാളുടെ അമ്മക്ക് ശരിക്കും ഒരാഘോഷമായിരുന്നു. ഒറ്റ മകനൊരു 'കുഞ്ഞിക്കാല്' കാണാൻ അവർ വഴിപാടുകൾ നേരാൻ തുടങ്ങിയിട്ട് കാലമേറെ ആയിരുന്നു. കിടപ്പറയിൽ ഭാര്യയെ പ്രാപിക്കാനാഞ്ഞപ്പോഴെല്ലാം അയാളിൽ ആരുടെയോ നിലവിളികൾ ഉയർന്നു. രാത്രികളിൽ അയാൾ ഉണർന്നിരുന്നു. കിടപ്പറയുടെ വാതിൽ തള്ളിത്തുറന്നു വരുന്ന ഒരു അവ്യക്ത രൂപത്തെ അയാൾ വല്ലാതെ ഭയപ്പെട്ടു. ഇടക്കൊക്കെ അയാൾക്ക് രൂപത്തിന് തന്റെ മുഖവുമായി സാദൃശ്യം തോന്നി..

ഡോക്ടർ ഭാര്യയുടെ വയറ്റിൽ തലോടി. നല്ല ഉറക്കത്തിലാണ് ..പാവം !!

    ഭാര്യ ഗർഭിണിയായതിനു ശേഷം അയാളിൽ ആവലാതികൾ കൂലം കുത്തി  പെയ്തു തുടങ്ങി. ലേബർ റൂമിൽ പിറന്നു വീഴുന്ന ഒരു പെൺകുഞ്ഞിന്റെ കരച്ചിൽ നിലവിളിയായി മാറുന്നത് അയാൾ കേട്ടുതുടങ്ങിയിരുന്നു. ഇന്നാണ് സുഹൃത്തായ മറ്റൊരു ഡോക്ടറിന്റെ ക്ലിനിക്കിലെത്തി സ്കാനിംഗ് നടത്തിയത്. സമയത്തു അങ്ങനെ ഒരു സ്കാനിങ്ങിന്റെ ആവശ്യമെന്തെന്നു ഭാര്യയെ ബോധ്യപ്പെടുത്താൻ അയാൾ ഏറെ നുണ പറഞ്ഞു. 'സെക്സ് ഡിറ്റർമിനേഷ'ന്റെ കാര്യത്തിൽ സുഹൃത്തിനോടും.


    ഡോക്ടർ തലയിണക്കടിയിൽ നിന്നും മൊബൈൽ എടുത്തു. സുഹൃത്തിന്റെ വാട്സ്ആപ്പ് മെസ്സേജ് കയ്യിലിരുന്ന വിറച്ചു. അയാൾ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു തന്റെ ക്യുറേറ്റും ഫോസെപ്സും മറ്റും തപ്പിയെടുത്തു.. പിന്നെ, ഭാര്യയുടെ കാലുകൾക്കിടയിലേക്ക് നൂഴ്ന്നിറങ്ങി....!

******
ഹരീഷ് കുമാർ സി

Tuesday 19 July 2016

ചക്രപാണിനീയം

ചക്രപാണിനീയം 

        കരിക്കുംപുറത്തെ വറീതിന്റെ മകൾ ഉമ്മുക്കുൽസു അടുക്കളപ്പുറത്തെ വലിയ  മുരിങ്ങാമരത്തിന്റെ ചുവട്ടിൽ ഓക്കാനിച്ച അന്ന് തന്നെയാണ് ചക്രപാണി കാറ് മേടിച്ചത്. ആദ്യത്തെ വിഷയത്തിന്റെ പരദൂഷണ സാധ്യതകളെ മുഴുവൻ നിഷ്പ്രഭമാക്കി കൊണ്ടു അന്ന് കൂടുതൽ നാവുകൾ തൊട്ടടുത്ത കാതുകളിലേക്കു പകർന്നത് രണ്ടാമത്തെ സംഭവമായിരുന്നു. 

"ചക്രപാണി കാറ് മേടിച്ചു ..!!" 

  അസൂയയെക്കാൾ ഏറെ ആ വാക്യത്തിൽ മുഴച്ചു നിന്നതു അത്ഭുതമാണെന്നു വേണം കരുതാൻ. അഞ്ചു വർഷം മുൻപ് ചക്രപാണി ഒരു സൈക്കിൾ വാങ്ങിയപ്പോൾ അതിനെ ഇതേ അത്ഭുതത്തോടെ കണ്ടവരാണ് ആ കോളനിയിലെ എല്ലാവരും. കോളനിയിലെ സാമ്പത്തിക വിചക്ഷണന്മാരൊക്കെ എങ്ങനെ തല പുകച്ചിട്ടും ആ സമസ്യ പൂരിപ്പിക്കാനായില്ല.

  "ചക്രപാണിക്ക് കാറൊക്കെ ഓടിക്കാനറിയോ?" ശങ്കരന്റെ ഭാര്യ വിലാസിനിയുടേതാണ് ചോദ്യം. ശങ്കരനും ഭാസ്കരനും കൂടെ ചക്രപാണിയുടെ സാമ്പത്തിക സാധ്യതകൾ കൂട്ടിക്കിഴിക്കുകയായിരുന്നു. ശങ്കരന്റെ വീട്ടിലെ കക്കൂസ് കുഴി കുത്തിയപ്പോൾ ഇരുനൂറു രൂപയാണ് ദിവസക്കൂലി കൊടുത്തത്. അങ്ങനെ ദിവസവും കൂലി കിട്ടിയാൽ തന്നെ ഒരു കാറ് വാങ്ങാനുള്ള പണം തികയുമോ എന്ന വലിയ കണക്കിന്റെ മേൽ കൂലം കുത്തുകയായിരുന്നു അവർ. അപ്പോഴാണ് വിലാസിനിയുടെ ചോദ്യം.

"ചക്രപാണിക്ക് കാറൊക്കെ ഓടിക്കാനറിയോ?" 

            ശങ്കരനും ഭാസ്കരനും അപ്പോഴാണ് അതിനെപ്പറ്റി ചിന്തിച്ചത്. കാറിനെ ഒരു അലങ്കാര വസ്തു ആയെ അതുവരെ കണ്ടിട്ടുള്ളൂ. അതോടിക്കുക എന്ന അഭ്യാസത്തെ പറ്റി വയറു നിറയെ വാറ്റടിച്ചു കിടന്നുറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ പോലും ചിന്തിച്ചിട്ടില്ല. "ആ പഹയൻ ഇതോടിക്കോ ?  ഓടിക്കുംചാൽ ഓൻ ഇതേടെന്ന് പഠിച്ചു?" ശങ്കരന്റേയും ഭാസ്കരന്റേയും കണ്ണുകൾ പരസ്പരം ചോദിച്ചു.

"ചക്രപാണി കാറ് എവിട്യ നിർത്തിയിടാ?" വയറ്റിലുണ്ടാക്കിയവന്റെ പേര് ഉമ്മുക്കുൽസുവിനെ കൊണ്ടു പറയിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി പരാജയപ്പെട്ടു നിൽക്കുകയായിരുന്നു വറീതും ഭാര്യ സുൽഫത്തും. അപ്പോഴാണ് ഇളയമകൻ ഉമ്മർ ഹസ്സൻ അവന്റെ ഒരു വലിയ പ്രശ്നവുമായി എത്തിയത്.

 "ചക്രപാണി കാറ് എവിട്യ നിർത്തിയിടാ?"

വറീതിനു എവിടെ നിന്നോ എന്തൊക്കെയോ തരിച്ചു കയറി.

"ഓൻ ഏതു xxxxxxxxxxx- ലെങ്കിലും നിർത്തിയിടട്ടെ ..അതിനു അണക്കെന്താടാ ഹിമാറെ.." എന്നു ചോദിച്ചു കൊണ്ടു വറീത് കാലുയർത്തി. സംഭവം പന്തിയല്ലെന്ന് നേരത്തെ മനസ്സിലാക്കിയ ഉമ്മർ, വറീതിന്റെ ഉയർത്തിയ കാലിനടിയിലൂടെ അടുക്കളപ്പുറത്തെത്തി. മക്കളുടെ മുന്നിൽ വച്ചു അസഭ്യം പറഞ്ഞത് ഇഷ്ടമായില്ലെങ്കിലും അതു അപ്പോൾ പറഞ്ഞാൽ ആ ഉയർത്തിയ കാൽ പതിക്കുന്നത് ഒരു പക്ഷെ തന്റെ നാഭിക്കിട്ടായിരിക്കും എന്ന തിരിച്ചറിവിൽ സുൽഫത് മിണ്ടാതെ നിന്നു.

xxxxxxxx

       കുറുപ്പ് മാഷ്‌ടെ വീട്ടിൽ നിന്നു കാറുമായി പുറത്തിറങ്ങിയപ്പോൾ ചക്രപാണി തീർത്തും തകർന്നു പോയിരുന്നു. മാഷ് ഇങ്ങനെ പെരുമാറുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സ്ഥലത്തെ പ്രമുഖ ആദർശവാനാണ് കുറുപ്പ് മാഷ്. കൊറേ പഠിപ്പിച്ചയാൾ, അതിലേറെ പഠിച്ചയാൾ. കോളനിയിൽ വന്നു ഇടക്കിടെ ക്ലാസ്സ് എടുക്കാറുണ്ട്. താനുൾപ്പടെ ഒരുപാട് പേരെ പേരെഴുതാനും ഒപ്പിടാനുമൊക്കെ പഠിപ്പിച്ചത് മാഷാണ്. അങ്ങനെ കോളനിയിലെ എല്ലാവരും പേരെഴുതി ഒപ്പിട്ടപ്പോഴാണ് ആ പഞ്ചായത്തു സമ്പൂർണ സാക്ഷരത നേടിയത്. അതിനു കാരണക്കാരനായ മാഷെ ആദരിക്കാൻ സംഘടിപ്പിക്കാൻ മാഷ് പ്രസംഗിച്ചത് കേട്ടു മുഴുവൻ കോളനിക്കാരും നിർത്താതെ കയ്യടിച്ചിരുന്നു.

"ഞാൻ എന്തെങ്കിലും വലിയ കാര്യം ചെയ്തു എന്നെനിക്കു തോന്നുന്നില്ല. എന്റെ അമ്മപെങ്ങന്മാർക്കു, എന്റെ സഹോദരങ്ങൾക്കു, മക്കൾക്ക്‌ പഠിക്കാൻ, പുരോഗമിക്കാൻ ഞാൻ ഒരു നിമിത്തമായി എന്നു പറഞ്ഞു കേൾക്കുന്നത് തന്നെ സന്തോഷം. ഒരുപാട് ഉയരങ്ങളിലെത്താൻ കഴിവുള്ള പ്രതിഭകൾ ഈ കോളനിയിൽ ഉണ്ട്. അതിനു ഇതൊരു തുടക്കമാകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു."

ചക്രപാണിക്ക് പെട്ടന്ന് ഓക്കാനം വന്നു. ഏതോ പ്രാണി ഉമിനീരിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. ചക്രപാണി അതിനെ നാവിന്റെ തുമ്പിലെടുത്തു പുറത്തേക്കു ശക്തിയായി തുപ്പി. 

           കോളനിയിലേക്ക് കാറ് കയറ്റാനുള്ള വഴി ഇല്ല. അടുത്ത പ്രദേശത്തു കാറ് പാർക് ചെയ്യാൻ പറ്റുന്ന സ്ഥലം മാഷുടെ വീടാണ്. മാഷുടെ മോന് ഒരു കാറുണ്ട്. അതു പക്ഷെ മോൻ ബാംഗ്ലൂരിൽ നിന്നു വരുമ്പോൾ മാത്രമേ കൊണ്ടു വരൂ. തത്കാലം കാറ് അവിടെ നിർത്തിയിടാൻ എന്നു കരുതിയാണ് പോയത്. പക്ഷെ കാര്യം പറഞ്ഞ ഉടൻ മാഷ്‌ടെ ഭാവം മാറി. "എന്റെ തൊടിയിൽ കാറ് കയറ്റാൻ മാത്രം വളർന്നോടാ നീ ?" എന്നൊരലർച്ചയാണുണ്ടായത്. പിന്നെയും എന്തൊക്കെയോ പറഞ്ഞു. തന്നെ ഒപ്പിടാൻ പഠിപ്പിച്ച കുറുപ്പ് മാഷ് ആ ഗേറ്റിനു വെളിയിലെവിടെയോ ചത്തു കിടപ്പുണ്ടാവും എന്നു ചക്രപാണിക്ക് തോന്നി. ഒന്നും പറയാതെ തിരിഞ്ഞു നടന്നു.


       ആദ്യമായി കാറ് കണ്ട നിമിഷം തോന്നിയ ആഗ്രഹമാണ്. കേറിയിരുന്നാൽ മുന്നോട്ടു നീങ്ങുന്ന കാറ് അന്ന് ഒരത്ഭുതമായിരുന്നു. പിന്നെ എപ്പോഴോ മാഷ് തന്നെയാണ് ക്ലച്ച്,ആക്സിലറേറ്റർ, ബ്രേക് എന്നെല്ലാം പഠിപ്പിച്ചത്. ഒരിക്കൽ വരച്ചും കാണിച്ചു തന്നു. രണ്ടു കാൽ കൊണ്ടു ഈ മൂന്നു സാധനങ്ങളും ഒരുമിച്ചു ചവിട്ടുന്ന വിദ്യ ഒരു വലിയ ചോദ്യമായി തോന്നി. പിന്നെ എങ്ങനെയെങ്കിലും പഠിക്കാനുള്ള ശ്രമമായിരുന്നു. പഠിച്ചു കഴിഞ്ഞപ്പോൾ സ്വന്തമാക്കാനും. ഇന്ന് അതും സാധിച്ചു. തെല്ലൊരഭിമാനത്തോടെയാണ് മാഷ്‌ടെ അടുത്തേക്ക് പോയത്. ഇത്രയൊക്കെ ചെയ്ത തന്നെ മാഷ് പ്രശംസിക്കും എന്നു കരുതി. പക്ഷെ...


ചക്രപാണി കോളനിയോട് ചേർന്നുള്ള വായനശാലയുടെ മുന്നിൽ വണ്ടി നിർത്തി. ഇവിടെയിടാം. അല്ലാതെന്തു ചെയ്യും? ഒരുപാട് പേർ ചുറ്റും കൂടിയിട്ടുണ്ട്. എന്നാൽ ആരുടെയും മുഖത്തു പരിചിത ഭാവമില്ല. ഏതോ അന്യഗ്രഹജീവിയെ കാണുന്ന നോട്ടം. തന്റെ ഈ നേട്ടത്തിൽ സന്തോഷിക്കും എന്നുറപ്പുള്ള ഒരാളുണ്ട്. അവളെ ഇതു കാണിക്കണം. വായനശാലയുടെ പുറകിലൂടെ ചക്രപാണി വീട്ടിലേക്കോടി.

xxxxxxx


            ആറു മാസം വയറ്റിലുള്ള ഭാര്യ ജാനുവിനെ പുറകിലിരുത്തി ചക്രപാണി സൈക്കിൾ ആഞ്ഞു ചവിട്ടി. ഭാര്യ ജാനു ചോദിക്കുന്നതും പറയുന്നതുമൊന്നും ചക്രപാണി കേൾക്കുന്നുണ്ടായിരുന്നില്ല. വഴിയിലെ കുഴികളോ കയറ്റങ്ങളോ ഒന്നുമയാൾ അറിഞ്ഞില്ല. അത്ര സമയത്തിനിടയിൽ അനുഭവിച്ച കാര്യങ്ങളുടെ കുപ്പത്തൊട്ടിയിൽ മുങ്ങിപ്പോയ അയാൾക്ക്‌ കാറ് കാണുമ്പോഴുള്ള ജാനുവിന്റെ സന്തോഷം നിറഞ്ഞ മുഖം കാണണമായിരുന്നു; ഒന്നു ശ്വാസമെടുക്കാൻ.

     വീട്ടിലേക്കുള്ള വഴിയിലുടനീളം അകൽച്ചയുടെ പുറംതോടിനകത്തു നിന്നും ജിജ്ഞാസകൾ കഴുത്തു നീട്ടി നിന്നിരുന്നു. ചക്രപാണിക്ക് ആ കോളനിയിൽ അന്ന് പെറ്റു വീണ പോലെ തോന്നി. പലരുടെയും സംഭാഷണങ്ങളിൽ താനൊരു ഭ്രാന്തനും കള്ളനും ഒക്കെ ആയിത്തീർന്നിരിക്കാമെന്നു ചക്രപാണിക്ക് തോന്നി. അതിനു മാത്രം താനെന്താണ് ചെയ്തത്? ആ കോളനിയിൽ ജനിച്ചു പോയതോ, ആരെയും ബുദ്ധിമുട്ടിക്കാതെ രാപകൽ അധ്വാനിച്ചതോ, അതോ ആരുടെ ജീവിതത്തിലേക്കും എത്തി നോക്കാതെ തന്റെ സ്വപ്നങ്ങളും സന്തോഷവുമായി ജീവിച്ചതോ? ചക്രപാണിക്ക് കരച്ചിൽ വന്നു. (ഏറ്റവും വലിയ ഒരാഗ്രഹം സഫലീകരിക്കപ്പെട്ട ദിവസവും ജീവിതത്തിൽ ഏറ്റവും വിഷമിക്കേണ്ടി വരുന്ന ദിവസവും പലപ്പോഴും ഒന്നായി തീരുന്നതു ദൈവത്തിന്റെ ഒരു വല്ലാത്ത സമവാക്യമായിരിക്കാം..!!)

    ചക്രപാണി വായനശാലയുടെ മുന്നിൽ സൈക്കിൾ നിർത്തി. താഴെയിറങ്ങി ജാനുവിനെ നോക്കി. ജാനുവിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അല്ല; ഇതു ആനന്ദക്കണ്ണീരല്ല. മെല്ലെ താഴേക്കു നോക്കി.ജാനുവിന്റെ കാലുകളിലൂടെ ഒലിച്ചിറങ്ങുന്ന ചോര. ഈശ്വരാ !! ചക്രപാണിക്ക് ബോധം മറയുന്ന പോലെ തോന്നി. സഹായത്തിനായി ചുറ്റുപാടും നോക്കി.. ഇല്ല, ആരുമില്ല ; കുറെ അവ്യക്ത മുഖങ്ങൾ മാത്രം.

സഹായിക്കാനാരുമില്ല എന്ന തിരിച്ചറിവിൽ ചക്രപാണി സ്വബോധം വീണ്ടെടുത്തു. കാറ് തുറന്നു ജാനുവിനെ അതിൽ കിടത്തി. എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണം.ഇല്ലെങ്കിൽ ..? കാറിലേക്ക് കയറി താക്കോലിനായി കീശയിൽ പരാതി. കാറിന്റെ താക്കോൽ കാണുന്നില്ല... കയ്യിൽ തടഞ്ഞത് സൈക്കിളിന്റെ താക്കോൽ.  ആ താക്കോൽ കാറിന്റെ കീ ഹോളിലേക്കു കടത്തി കാറ് സ്റ്റാർട് ആക്കാൻ ശ്രമിച്ചു. ഇല്ല; പറ്റുന്നില്ല.ദേവീ..... ചക്രപാണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

വീണ്ടും ചക്രപാണി കീ തിരിച്ചു. ഒന്നു മടിച്ചു കാർ പതിയെ സ്റ്റാർട് ആയി. പിന്നെ മുന്നോട്ടു നീങ്ങി. ചക്രപാണി തന്റെ കാർ ആഞ്ഞു ചവിട്ടി...


xxxxxxx

ഹരീഷ് കുമാർ സി

Friday 20 November 2015

അനിവാര്യതകളിൽ ചിലർ


അനിവാര്യതകളിൽ ചിലർ

"അവളിങ്ങനെയാണ്!!"

          ഒരു സിഗരറ്റിൽ നിന്നും അടുത്തത് കത്തിക്കാനെടുത്ത സമയത്തിന് ശേഷമാണ് ക്യാപ്റ്റൻ അങ്ങിനെ പറഞ്ഞത്. ഇതിപ്പോൾ അഞ്ചാമത്തെ സിഗരറ്റാണ്. താൻ വന്നു കയറിയ ശേഷം കത്തിച്ച ആദ്യ സിഗരറ്റിൽ തീർന്നതാണ് തീപ്പെട്ടിയിലെ കമ്പുകൾ. ആ സിഗരറ്റ് അണയും മുൻപേ അടുത്തത് കത്തിച്ചു; പിന്നെ അടുത്തത്; അങ്ങിനെ ഇതാ അഞ്ചാമത്തേതും. ഓരോ സിഗരറ്റും ആയുസ്സിന്റെ പതിനൊന്നു മിനിറ്റ് കുറയ്ക്കും എന്ന് എവിടെയോ വായിച്ചതു പെട്ടന്നോർത്തു. അങ്ങിനെ വരുമ്പോൾ ഇപ്പോൾ ക്യാപ്റ്റൻ- ന്റെ ആയുസ്സ് ഒരു മണിക്കൂറോളം കുറഞ്ഞിരിക്കുന്നു. താൻ വന്നു കയറുമ്പോൾ കണ്ടതിൽ നിന്ന് ഇപ്പോഴത്തെ ക്യാപ്റ്റൻ ഒരു മണിക്കൂറോളം ആയുർവ്യത്യാസം ഉള്ളവനാണല്ലോ എന്നോർത്തപ്പോൾ ചിരി വന്നു. 

             " നിരഞ്ജന ഒരു പ്രത്യേക സ്വഭാവക്കാരിയാ.." ക്യാപ്റ്റൻ തുടർന്നു. അയാളുടെ കണ്ണുകളിൽ നിഴലിച്ച സംശയഭാവത്തിൽ നിന്ന് താൻ മനസ്സിലോർത്ത  ചിരി പുറത്തും ദൃശ്യമായിരുന്നു എന്ന് മനസ്സിലായി. പെട്ടന്ന് ഗൌരവക്കാരനായി; ഒന്ന് തലയാട്ടി കൊണ്ട് ജനാലയിലൂടെ പുറത്തേക്കു നോക്കി. തെരുവിലെ തിരക്കിൽ സ്വയം നഷ്ടപെടാനുള്ള വ്യഗ്രതയുണ്ടയിരുന്നോ നിരഞ്ജനക്ക്!! നടത്തത്തിനിടയിൽ ഊർന്നു വീണ ഷാൾ അവൾ മാറിൽ ഒന്നു പരത്തിയിട്ടു. 

               "തനിക്കു  ആദ്യമായതു കൊണ്ട് ഒരു ചെറിയ ജാള്യത തോന്നുന്നുണ്ടാകും ല്ലേ ? കാര്യമാക്കണ്ട ." ക്യാപ്റ്റൻ പറയുന്നത് കേട്ട് നിരഞ്ജന കണ്ണിൽ നിന്നു മറയുന്നതിനു മുൻപ് തന്നെ നോട്ടം പിൻവലിക്കേണ്ടി വന്നു. ആ സിഗരറ്റും തീരാറായിരിക്കുന്നു. 

" ഏയ്‌ ; അങ്ങനെയൊന്നുമില്ല." തനിക്കെന്തു ജാള്യത.! അവളെപറ്റി എല്ലാമറിയുന്ന ഒരു വിജ്ഞാനകോശം എന്ന ഭാവത്തിൽ മുന്നിലിരിക്കുന്ന അയാളോട് എന്തോ പെട്ടന്ന് സഹതാപം തോന്നി. 

               ക്യാപ്റ്റൻ സിഗരറ്റ് കുത്തികെടുത്തി. പഴയ ഒരു വെള്ളകുപ്പിയാണ് പകുതി മുറിച്ചു ആഷ് ട്രേ ആക്കി മാറ്റിയിരിക്കുന്നത്. ഏതാണ്ട് നിറഞ്ഞിരിക്കുന്നു. പല വലിപ്പത്തിലുള്ള കുറ്റികൾ. ഇതൊക്കെ ഒന്നിച്ചു കൂട്ടിയാൽ എത്ര സിഗരറ്റ് ഉണ്ടാക്കാം ? പഴയ ഒരു കുസൃതി കണക്ക് ഓർമ്മ വന്നു.

" താൻ വൈകീട്ട് ഫ്രീ അല്ലെ?"

"തീർച്ചയായും." ചിരിച്ചു കൊണ്ട് പറഞ്ഞു.

" എങ്കിൽ ബാക്കി വൈകീട്ട്. ഷാർപ് സെവെൻ തെർറ്റി." ക്യാപ്റ്റൻ എണീറ്റുകൊണ്ട് പറഞ്ഞു.

എണീറ്റു തിരിഞ്ഞു നടന്നു.

" അല്ലടോ ! ചോദിയ്ക്കാൻ മറന്നു. തനിക്കെന്താ അവളുടെ കാര്യത്തിൽ ഇത്ര താല്പര്യം ?"      

ഒരു നിമിഷം നിന്നു. തനിക്കന്താണ് നിരഞ്ജനയുടെ കാര്യത്തിൽ ഇത്ര താല്പര്യം എന്ന് !

" വിനൂന്റെ പിറന്നാളല്ലേ ഇന്ന് ....?" വർഷങ്ങൾക്കു പുറകിൽ നിന്നു ആരോ നെറ്റിയിൽ ചന്ദനം തൊട്ടു. മറുപടി പ്രതീക്ഷിച്ചു നിൽക്കുന്ന കാപ്ടനെ അവഗണിച്ചു പടികളിറങ്ങി പോന്നു. 

പടികളിറങ്ങി താഴെ എത്തിയപ്പോഴേക്കും പോക്കെറ്റിൽ കിടന്നു മൊബൈൽ ശബ്ദിച്ചു . അഥീനയാണ്. പാവം ഹോട്ടലിൽ തനിച്ചാണ്. എന്ത് പറയാനാണ് ! ഫോണ്‍ കട്ട്‌ ചെയ്തു.

              സുദർശൻ അറിയാതെ തന്റെ കൂടെ ഇങ്ങനെ ഒരു യാത്രക്ക് ഇറങ്ങി പുറപ്പെട്ടപ്പോൾ അവൾ വിചാരിച്ചു കാണില്ല; ഇങ്ങനെ ഒരനുഭവം.എപ്പോഴോ തോന്നിയ ഒരു ഇഷ്ടം , അല്ലെങ്കിൽ ഒരു ആകർഷണം; പിന്നെ എല്ലാം സംഭവിക്കുകയായിരുന്നു. അല്ലെങ്കിൽ തനിക്കും സുദർശനോട് ഇങ്ങനെയൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ലല്ലോ! ഒരർത്ഥത്തിൽ എല്ലാ ബന്ധങ്ങളും ഇങ്ങിനെതന്നെയാണ്.എപ്പോഴെങ്കിലും തോന്നിയ ഒരിഷ്ടത്തിന്റെ പേരിൽ, അല്ലെങ്കിൽ എന്തെങ്കിലും കടപ്പാടിന്റെ പേരിൽ നാം ബാധ്യസ്ഥപെടുകയാണ് ഓരോ ബന്ധത്തിലും. 

           അഥീനയുമായി ഇവിടെ എത്തിയ അന്നു തന്നെയാണ് നിരഞ്ജനയെ കണ്ടതും. യാദൃശ്ചികമായിരുന്നു അത്. അവൾ തന്നെ കണ്ടോ എന്നു തന്നെ ഉറപ്പില്ല. ആദ്യം ഓർമ വന്നത് അവസാന കണ്ടുമുട്ടലായിരുന്നു. അന്നു തീർത്തും ബാലിശമായി ആണ്  തനെന്തോക്കെയോ ചെയ്തു കൂട്ടിയത് ഇന്ന് തിരിച്ചറിയുന്നുണ്ട്.   അവളുടെ പെരുമാറ്റം വളരെ പക്വമായിരുന്നു. അതിനു ശേഷം ഒന്നോ രണ്ടോ ഫോണ്‍ വിളികൾ . പിന്നെ കാണുന്നത് ഇവിടെ , ഈ നഗരത്തിൽ വച്ച്. 

              ട്രാഫിക്‌ ബ്ലോക്ക്‌ പതിവായിരിക്കുന്നു എവിടെയും. പത്തു മിനിട്ടായി കാർ മെല്ലെ മെല്ലെ മുന്നോട്ടു നീക്കി ഇങ്ങനെ. കാർ ഓടിക്കുന്നത് ഒരു ജോലി തന്നെയാണ്; മാനസികവും ശാരീരികവുമായ സ്ട്രയിൻ തരുന്ന ഒരു ജോലി. ബ്ലോക്കിൽ കുരുങ്ങികിടക്കുന്ന വണ്ടികൾക്കിടയിലൂടെ നടന്നു മുല്ലപ്പൂ വിൽക്കുന്നു ഒരു സ്ത്രീ; ഒരു കുട്ടിയേയും ഒക്കതെടുതിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് മുന്നോട്ടെടുക്കുന്ന വണ്ടികൾ അവരെ ഭയപ്പെടുതുന്നെയില്ല. കാറുകൾക്കുള്ളിൽ നിന്നും ചില സ്ത്രീകൾ വില ചോദിക്കുന്നതും മുല്ലപ്പൂ വാങ്ങുന്നതും കണ്ടു. സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ കണ്ടുപിടിക്കുന്നത് ബിസിനെസ്സിൽ പരമപ്രധാനമാണല്ലോ!

            നിരഞ്ജനയെ പറ്റിയുള്ള അന്വേഷണമായിരുന്നു പിന്നെ ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലും. അവൾ ഇവിടെ ഒരു social  worker ആണ്. അവളുടെ പല സുഹൃതുകളെയും കണ്ടു. അവളുമായി സംസാരിക്കാൻ അവസരങ്ങളുണ്ടാക്കാൻ ശ്രമിച്ചു. അതിൽ അവസാനത്തേതാണ് അല്പം മുൻപ് ചീറ്റിപോയത്. നിരഞ്ജന ആത്മഹത്യയെപറ്റി ഇടയ്ക്കിടെ പറയാറുണ്ട് എന്നു ഒരു സുഹൃത്ത്‌ പറഞ്ഞത് കേട്ടപ്പോൾ ഒരുപാടു വിഷമം തോന്നിയിരുന്നു. പക്ഷെ, അഥീന അതിനെ പറ്റി പറഞ്ഞത് മറ്റൊരു തരത്തിലായിരുന്നു. എല്ലാ മനുഷ്യരും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ആത്മഹത്യ ചെയ്യാൻ അല്ലെങ്കിൽ കൊല ചെയ്യപെടാൻ ആഗ്രഹിക്കുന്നവരാണ്. താൻ മരിച്ചു കഴിഞ്ഞാൽ എല്ലാവരും തന്റെ നഷ്ടത്തിൽ വിഷമിക്കുമെന്നും തന്നെ അറിയുന്നവർ മുഴുവൻ തന്നെ പുകഴ്ത്തി സംസാരിക്കും എന്നൊക്കെയുള്ള ചില ധാരണകളുടെ പ്രതിഫലനം മാത്രമാണ് അത് എന്നും. ആലോചിച്ചപ്പോൾ അത് ശരിയാണെന്നു തോന്നി. താനും പലതവണ അങ്ങിനെ ചിന്തിച്ചിട്ടുണ്ട്. 

            റൂമിലെതുന്നതിനു മുൻപ്, അഥീന വീണ്ടും വിളിക്കുമെന്നാണ് കരുതിയത്‌. പക്ഷെ, ഉണ്ടായില്ല. പണ്ട് , ഗീത ഒരുപാടു പരാതി പറയാറുണ്ടായിരുന്നു. ആവശ്യത്തിനു വിളിക്കുമ്പോഴോന്നും താൻ ഫോണ്‍ എടുക്കില്ല എന്ന്‌. പിന്നെ പതിയെ അവൾ തന്നെ അത് അവസാനിപ്പിച്ചു. അതിനെപറ്റി, ഒരിക്കൽ ചോദിച്ചപ്പോൾ അവൾ ഒരു ഫിസിക്സ്‌ അധ്യാപികയായി പറഞ്ഞത് കൂടുതൽ അരയും തോറും friction  കുറയുകയും    എന്തും എന്തിലേക്കും പാകപ്പെടുകയും ചെയ്യും  എന്നായിരുന്നു. താൻ ചിരിച്ചപ്പോൾ അവൾ പിന്നെയും പറഞ്ഞു; അങ്ങനെ പാകപ്പെടുമ്പോൾ നഷ്ടപെടുന്നത് യന്ത്രങ്ങളുടെ functionality   തന്നെയാവും എന്ന്‌. Divorce കഴിഞ്ഞ ശേഷം താൻ ഗീതയെ ഓർക്കുന്നത് ഇന്നാദ്യമാണ്. വിനായക് വാച്ചിൽ നോക്കി. ഒരുപാടു വൈകിയിരിക്കുന്നു. 

"എന്താണ് ക്യാപ്റ്റൻ പറഞ്ഞത് ?" റൂമിലെത്തിയപാടെ  അഥീന ചോദിച്ചു. 

"ഒന്നുമില്ല; വൈകുന്നേരത്തെ വെള്ളമടി ഫിക്സ് ആയി. അത്രമാത്രം " ചിരിച്ചു കൊണ്ടു പറഞ്ഞു.

"നിരഞ്ജന....?" അഥീന ചോദ്യഭാവത്തിൽ നോക്കി.

" ഏയ്‌ കേട്ടപോലെ ഒന്നുമില്ല. അയാൾ ഒരു വിടുവായനാണ്‌. അയാളുടെ സർവീസ് സ്റ്റോറി എഴുത്തിൽ സഹായിക്കാൻ അവൾ അവിടെ പോകാറുണ്ട്. അത്രമാത്രം. "

" നിരഞ്ജന സംസാരിക്കാൻ നിന്നു കാണില്ല. അല്ലേ?" 

ഫ്രിഡ്ജിൽനിന്നും വെള്ളമെടുത്തു കുടിക്കുന്നതിനിടയിൽ ഇല്ല എന്ന്‌ തലയാട്ടി. 

വെള്ളത്തിന്റെ ബോട്ടിൽ തിരിച്ചു ഫ്രിഡ്ജിൽ വച്ച് തിരിഞ്ഞപ്പോഴാണ് അഥീന തന്റെ വസ്ത്രങ്ങൾ പെട്ടിയിൽ അടുക്കി വെക്കുകയാണെന്നു കണ്ടത്. തന്റെ തുറിച്ചു നോട്ടം അവഗണിച്ചു കൊണ്ടു അഥീന ജോലി തുടർന്നു. 

"എന്താ ഇത് ?"

"ഞാൻ തിരിച്ചു പോകുന്നു. സുദർശനെ വിളിച്ചിരുന്നു ഞാൻ . പിക്ക് ചെയ്യാൻ വരും. ആൻഡ്‌   ഐ തിങ്ക്‌ ഹി കാൻ അണ്ടർസ്റ്റാന്റ് .."

ഒന്നും മിണ്ടിയില്ല.

" ചില തിരിച്ചുപോക്കുകൾ ജീവിതത്തിൽ അനിവാര്യമാണ് വിനു. വഴികൾ കണ്ടെത്തേണ്ടത്‌ നാം തന്നെയാണ് എന്ന്‌ മാത്രം. നിന്റെ ഇരട്ടകുട്ടികൾ കൊല ചെയ്യപെട്ട അബോർഷൻ ടേബിളിൽ നിന്നും നിരഞ്ജന തിരിച്ചു വന്നത് അവളുടെ മാത്രമല്ല; മറ്റു പല ജീവിതങ്ങളിലെക്കുമാണ്. അത് ഈ നിമിഷം വരെ നീ അറിയാതിരുന്നത്‌ നീ ഒരിക്കലും അങ്ങനെ ഒരു തിരിച്ചുപോക്കിന് മുതിരാതതുകൊണ്ട് കൂടിയാണ്.നിരഞ്ജനയിലൂടെ ഞാൻ സുദർശനിലേക്ക് തിരിച്ചു നടക്കുന്നു. നിന്റെ വഴികൾ നിന്നെ തിരയുന്നുണ്ടാവം."

അഥീന ബാഗുമെടുത്തു നടന്നു.

കാണുന്നതും കേൾക്കുന്നതും സംഭവിക്കുന്നതുമെല്ലാം കൂട്ടി വായിക്കാൻ പാടുപെടുകയായിരുന്നു വിനായക്. 

             "ഇതെന്റെ പുതിയ സുഹൃത്ത്‌; വിനായക്" ക്യാപ്റ്റൻ പരിചയപെടുത്തി. നിരഞ്ജന പെട്ടന്ന് തിരിഞ്ഞുനടന്നു പടികളിറങ്ങിപോയി. തെരുവിലെ തിരക്കിൽ സ്വയം നഷ്ടപെടാനുള്ള വ്യഗ്രതയായിരുന്നു അവൾക്ക്. നടത്തത്തിനിടയിൽ ഊർന്നു വീണ ഷാൾ അവൾ മാറിൽ ഒന്നു പരത്തിയിട്ടു.

*****

ഹരീഷ് കുമാർ സി

Tuesday 29 September 2015

ശ്രീരാമജയം...!!!

ചാനലുകളിൽ ചില പഴയ സിനിമകളുടെ പരസ്യം കാണുമ്പോൾ വിചാരിക്കും സിനിമ മുഴുവനായി ഒരിക്കൽ കൂടി കാണണം എന്ന്. പക്ഷെ, കൊട്ടക്കണക്കിനു പരസ്യങ്ങൾക്കിടയിൽ മുറിച്ചു മുറിച്ചു കാണിക്കുന്ന സിനിമ കഷണങ്ങൾ കാണാൻ സാധിക്കാറില്ല എന്നതാണ് സത്യം. പിന്നെ, പല ചാനലുകളിലായി ഓട്ടപ്രദക്ഷിണം നടത്തും. അങ്ങിനെ ഒരു ഓട്ടപ്രദക്ഷിണത്തിനിടയിലാണ് ചന്ദ്രോത്സവം എന്ന  സിനിമ കണ്ടത്. നായകനായ ചിറക്കൽ ശ്രീഹരി അച്ഛന്റെ പഴയ പ്രണയിനിയെ തേടിപ്പിടിച്ചു അടുത്തെത്തുന്നു. അവരോടുള്ള ചോദ്യം.. " കത്തെഴുതുമ്പോൾ ഇപ്പോഴും ശ്രീരാമജയം എന്ന് മുകളിൽ കുറിക്കാരുണ്ടോ?" ഡയലോഗിൽ ടേക്ക് ഓഫ്ചെയ്ത മനസ്സ് പിന്നെ ലാൻഡ്ചെയ്തത് 12 വർഷം മുൻപാണ്‌.

ജോലി കിട്ടി ട്രെയിനിങ്ങിനായി ഒറീസയിലായിരുന്ന കാലം. ഒരുപാടു സ്നേഹ- സുഖ- സൗകര്യങ്ങൾ ജീവിതത്തിൽ നിന്ന് പൊടുന്നനെ മാഞ്ഞു പോയ  സമയം. ഭയാശങ്കകളോടെയല്ലാതെ ചുറ്റും നോക്കാൻ കഴിയില്ലായിരുന്നു. വലിയ മതിലുകൾകുള്ളിൽ അകപ്പെട്ടു ഒരാഴ്ച കഴിഞ്ഞാണ് വീട്ടിലേക്കു ഒന്ന് ഫോണ്‍ ചെയ്യാൻ അവസരം കിട്ടിയത്. അമ്മ ഫോണ്അറ്റൻഡ് ചെയ്തു. അമ്മയുടെഹലോ’ യിൽ ഉള്ളം മുറിയുന്നത്ഞാനറിഞ്ഞു. പിന്നെ ഒന്നും മിണ്ടാതെ കരയാനെ കഴിഞ്ഞുള്ളു. അമ്മയും കരയുകയായിരുന്നു. അകലം പോള്ളലേൽപ്പിച്ച ഞങ്ങൾ!!

പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് ചുറ്റുമുള്ളവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ദിവസവും വീട്ടിലേക്കു കത്തെഴുതാറുള്ള ഞാൻ അതുപോലെ മറ്റൊരാളെ കണ്ടുനീല നിറമുള്ള അടപ്പുള്ള  Reynolds -ന്റെ വെള്ള പേന ഒരുപാടു ബലമായി പിടിച്ചു, ഇൻലന്റ് നല്ല പോലെ അമർത്തി എഴുതുന്ന അക്ഷരങ്ങൾക്ക് നല്ല വടിവുണ്ടായിരുന്നു. ഇൻലന്റ് വചെഴുതിയിരുന്നന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്‌’ പത്രത്തിന്റെ മൂന്നാമത്തെ പേജിൽ നിന്ന് കത്ത് വയിചെടുക്കാമായിരുന്നു. അത്രയും ബലം കൊടുത്തു എഴുതിയിരുന്ന എഴുത്തിനു ഏറ്റവും മുകളിലായി ആവശ്യത്തിൽ കവിഞ്ഞ വടിവോടെ ഒരു ശ്രീ രാമ ജയം ..
കൗതുകത്തോടെ ഞാൻ കണ്ട ശ്രീരാമജയം നൽകുന്ന പോസിറ്റീവ് എനർജിയെ പറ്റി പിന്നെ അവൻ എനിക്ക് പറഞ്ഞു തന്നു. കത്തുകൾ ഞങ്ങൾ ബാക്കി എട്ടു പേർക്കുമായി അവൻ ഉറക്കെ വായിച്ചു. വിഷുവിനു പേരറിയാത്ത ഒരു മഞ്ഞപ്പൂ വിഷുക്കണി വച്ച് അവൻ ഒരു രൂപ കൈ നീട്ടം തന്നു.. ട്രെയിനിംഗ് കഴിഞ്ഞു പിരിഞ്ഞ അവൻ പിന്നീട് അയച്ച കത്തിലും മുകളിൽ ഒരുപാടു ഊർജം ചൊരിഞ്ഞു ശ്രീരാമജയം ഉണ്ടായിരുന്നു.

വർഷങ്ങൾക്കിപ്പുറം, കല്യാണം ക്ഷണിക്കാനായി അവൻ അയച്ച watsapp  text - ന്റെ മുകളിൽ ശ്രീരാമജയം ഞാൻ വല്ലാതെ തിരഞ്ഞുകാണാഞ്ഞു നഖം കടിച്ചു. കാലത്തിന്റെ , അറിവിന്റെ , മനുഷ്യന്റെ വളർച്ചയിൽ നഷ്ടപെട്ടത്, നഷ്ടപെടുന്നത്  എന്തൊക്കെയാണെന്ന്   ഞാനറിഞ്ഞു....


ശ്രീരാമജയം...!!!

*******
ഹരീഷ് കുമാർ സി