Wednesday 9 April 2014

ആറാമിന്ദ്രിയം


താൻ എങ്ങനെ അവിടെ എത്തപെട്ടു എന്നാണ് അയാൾ അപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നത്.... മോൾക്കുള്ള മരുന്നും വാങ്ങി മെഡിക്കൽ ഷോപ്പിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് അയാൾ അങ്ങോട്ട്‌ നടന്നത്. അല്ലെങ്കിൽ അപ്പോഴാണ് അയാൾക്ക്‌ ബോധം നഷ്ടപെട്ടത്. ഓർമ തെളിയുമ്പോൾ താൻ നിൽക്കുന്നത് സെമിത്തേരിയിൽ ആണെന്ന് അയാളറിഞ്ഞു. അസ്തമയ സൂര്യൻ സൃഷ്ടിക്കുന്ന നിഴലിൽ തനിക്കു നീളം കൂടുതലാണെന്ന് അയാൾ കണ്ടു. ജനനത്തിൽ നിന്ന് മരണത്തിലേക്കുള്ള വളർച്ചയാണ് ജീവിതം എന്ന് ആരോ പറഞ്ഞത് അയാൾ പെട്ടന്നോർത്തു. പെട്ടന്ന് അയാൾ മോളെ കുറിച്ചും കയ്യിലെ മരുന്നിനെ കുറിച്ചും ഓർത്തു. പിന്നെ പെട്ടന്ന് തിരിഞ്ഞു നടന്നു.

*****************

ഇതിപ്പോൾ മൂന്നാമത്തെ തവണയാണ്;……………… എന്താണിത്? ചിന്തകളെല്ലാം  ഒടുവിൽ  മരണം എന്ന വലിയ സത്യത്തിൽ ചെന്നിടിക്കുന്നു; മുങ്ങിതാണ് ശ്വാസം മുട്ടുന്നു. ഭാര്യ അടുത്തുവന്നു കിടന്നത് അറിഞ്ഞെങ്കിലും ഉറങ്ങിയ പോലെ കിടന്നു.മോളുറങ്ങിക്കാണും; അവൾ കൂടുതൽ ചേർന്ന് കിടന്നു.

" ഇന്നെന്തു പറ്റി? അല്ലെങ്കിൽ എത്ര വൈകിയാലും ഞാൻ വരാതെ ഉറങ്ങാറില്ലല്ലോ?”
അവൾ കീഴ്ചുണ്ടിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.
”എയ്.. ഉറങ്ങിയൊന്നുമില്ല”
“ഈശ്വരാ ! മോളുറങ്ങുന്നതിനു  മുൻപേ  ധൃതി കാണിച്ചു  തുടങ്ങുന്ന ആള് തന്നെയാണോ ഇത്? “

         അവളുടെ സംസാരം കേട്ടപ്പോൾ എന്തോ ഈർഷ്യ തോന്നി. കിടപ്പറയിൽ താനൊരു പൈങ്കിളിക്കാരനാണെന്ന് ആദ്യമൊക്കെ അവൾ കളിയാക്കാറു ണ്ടായിരുന്നു. പിന്നെ പിന്നെ തന്നെ സന്തോഷിപ്പിക്കാനാണ് അവളും ഇങ്ങനെയൊക്കെ പറയാൻ തുടങ്ങിയത്. സാധാരണ നന്നായി രസിക്കെണ്ടതാണ്. പക്ഷെ, ഇന്നെന്തോ.....!!

“ഉറങ്ങാം” എന്ന് മാത്രം പറഞ്ഞു ചെരിഞ്ഞു കിടന്നു. മോളുടെ അസുഖം ഒന്നു കുറഞ്ഞുവന്നതാണ് . ഇനി മരുന്ന് മാത്രം കഴിച്ചാൽ മതി എന്നാണ് ഡോക്ടർ പറഞ്ഞത്. ഇതിനിടയിൽ തനിക്കെന്തെങ്കിലും സംഭവിച്ചാൽ... !!!! അടിവയറ്റിൽ നിന്നൊരു കാളൽ മുകളിലേക്കുയർന്നു.  ദൈവം, പ്രാർത്ഥന, വഴിപാടുകൾ അങ്ങനെ ഒരിക്കൽ പുചിച്ചു തള്ളിയ ഒരു നൂറു കൂട്ടം കാര്യങ്ങൾ അയാളുടെ ബുദ്ധിയിൽ മാറാല കെട്ടി.

             പണ്ട് collage കാലത്ത്, വൈകിട്ട് ഹോസ്റ്റലിൽ നിന്ന് പുറത്തു ചാടി ആദ്യം ‘മിനുങ്ങി’യും പിന്നെ പിന്നെ ‘തിളങ്ങി’യും നടന്നിരുന്ന സമയത്താണ് മരണം ഇതുപോലെ കൂടെയുണ്ടായിരുന്നത്. ബൈക്ക് പറക്കുന്ന വേഗത്തിലോടിക്കുമ്പോഴും കൂട്ടുകാരന്റെ ബൈക്കിൽ പുറകിൽ എഴുന്നേറ്റു നിന്ന് അഭ്യാസം കാണിക്കുമ്പോഴും മരണം ഒപ്പം തന്നെ എന്ന് തോന്നിയിരുന്നു. പക്ഷെ അന്ന് ഒരു ഭയവും തോന്നിയിരുന്നില്ല. ഒരു തരം രസിപ്പിക്കുന്ന ഹരമായിരുന്നു.. മരണത്തിന്റെ സാന്നിധ്യം. ഒരിക്കൽ ഇച്ചിരി ഓവറായി രണ്ടാം നിലയിൽ നിന്ന് താഴേക്ക്‌ വീണ് നിസ്സാരപരിക്കുകളോടെ (ഇപ്പോൾ ഓർക്കുമ്പോൾ ദൈവത്തിന്റെ കൃപ!!!! )  ആശുപത്രിയിൽ ബോധം വീഴുമ്പോഴും മരണത്തെ തോൽപിച്ച വീരമായിരുന്നു മനസ്സിൽ. പക്ഷെ ഇപ്പോൾ..!!!!!
അയാൾ കാലുകൾ മടക്കി ചുരുണ്ട് കൂടി.


“ഇതെല്ലാം തന്റെ തോന്നലാന്നെ”.. കുര്യച്ചൻ പറഞ്ഞ അതേ dialog ആണ് ഡോക്ടറും പറഞ്ഞത്. ഇപ്പോഴോ! എന്ന് പുരികമുയർത്തി കുര്യച്ചൻ അയാളെ നോക്കി. അയാൾ പിന്നെയും കടിച്ചു തൂങ്ങുകയായിരുന്നു.
“അല്ല സർ…. തുടർച്ചയായി മൂന്നു തവണയാണിത് സംഭവിച്ചത്.!”

“എടൊ…താനാദ്യം അവിടെ പോകും മുൻപേ...”..

“പോകും മുൻപേ അല്ല സർ….. എത്തും മുൻപേ…” അയാൾ മുറിച്ചു.

“എന്നാ… എത്തും മുൻപേ തന്നെ ഈ ചിന്തകൾ തന്റെ മനസ്സിൽ ഉണ്ടായിരുന്നു. തന്റെ സബ് കൊൻഷ്യസ്മൈൻഡ് തന്നെ കൊണ്ട് ചെയ്യിച്ചതാ ഇതെല്ലാം”

ഇനി തർക്കിച്ചാൽ അതിക്രൂരമായ തെറികൾ കേൾകേണ്ടി വരും എന്ന് തോന്നിയപ്പോൾ നന്ദി പറഞ്ഞു എണീറ്റ്‌ നടന്നു....
നാട്ടിലെ ഏക മനശാസ്ത്രജ്ഞൻ ആണിയാൾ. അയാളുടെ തെറി പറച്ചിൽ കുപ്രശസ്തമാണ്‌. അത് അയാൾ ഒരു ക്രെഡിറ്റ്‌ ആയി കരുതുന്നുമുണ്ട്. (തുറയിൽ മെന്റൽ ക്ലിനിക്‌ എന്ന ബോർഡ്‌ ആരോ തെറിയിൽ മെന്റൽ ക്ലിനിക്‌ എന്നാക്കിയത് മാറ്റാൻ ഇതുവരെ അയാൾ മെനക്കെടാത്തതും അതുകൊണ്ടാണ്..!!! ).

പോരും മുൻപ് അയാൾ ഇത്ര കൂടി പറഞ്ഞു.

“എടോ… ഈ സിക്സ്ത് സെൻസ് എന്നൊക്കെ പറയുന്നത് ഉള്ളതൊന്നുമല്ല. എനർജിയുടെ transformations കൊണ്ട് ചില എഫെക്ട്സ് ഒക്കെ അനുഭവപ്പെടുമെന്നതു ശരിയാണ്. അത് പക്ഷെ മരിക്കാൻ പോകുന്നവരെ നേരെ സെമിത്തേരിയിൽ കൊണ്ട് നിർത്തിയല്ല.. അല്ല.. അങ്ങിനെയാണേ നമ്മുടെ പെണ്ണുങ്ങളെല്ലാം കുടുങ്ങിപോയെനല്ലോ... ഇല്ലേ കുര്യച്ചാ..”

         അയാൾ ഉറക്കെ ചിരിച്ചു .(കൂടെ കുര്യച്ചനും..) അയാൾ പറഞ്ഞതിന്റെ വ്യന്ഗ്യാർത്ഥം മനസ്സിലായില്ലെങ്കിലും അപ്പോൾ അയാൾ ആലോചിച്ചത് ഈ ചിരി അൽപസമയം മുൻപാണെങ്കിൽ അയാളുടെ വായിൽ നിന്ന് തെറിച്ച തുപ്പൽ തുള്ളികളെല്ലാം തന്റെ മുഖത്ത് വീഴു മായിരുന്നല്ലോ എന്നായിരുന്നു. പുറത്തു കടന്ന ഉടൻ അയാളൊന്നു കാർക്കിച്ചു തുപ്പി. അതിന്റെ അർഥം മനസ്സിലായത് കൊണ്ട് കുര്യച്ചൻ ഒന്നും മിണ്ടിയില്ല.

കുര്യച്ചന്റെ മൊബൈൽ ശബ്ദിച്ചു... അത് അറ്റൻഡ് ചെയ്യാനായി കുര്യച്ചൻ അല്പം മാറി നിന്നു.

         അയാൾക്ക്‌ മൊബൈലിന്റെ ശബ്ദം കേൾക്കുന്നതെ വെറുപ്പാണ്.. ഒരിക്കൽ ബസിൽ പോകുമ്പോൾ ഒരു പെണ്‍കുട്ടി മൊബൈലിൽ സംസാരിക്കുന്നതു അയാള് ശ്രദ്ധിച്ചിരുന്നു...ആ പെണ്‍കുട്ടി ചുറ്റുപാടും ശ്രദ്ധിച്ചു മെല്ല ഫോണിൽ ഉമ്മ വക്കുന്നതും അയാൾ കണ്ടു..  ഇടക്കെപ്പോഴോ ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് അയാൾ സ്വന്തം മോളെ സങ്കല്പിച്ചു പോയി. അന്നാണ് അയാൾ മൊബൈൽ വെറുത്തു തുടങ്ങിയത്..  തന്റെയും ഭാര്യയുടെയും മൊബൈൽ അയാൾ അന്ന് തന്നെ വിറ്റു കളഞ്ഞു...

കുര്യച്ചൻ ഫോണ്‍ കട്ട്‌ ചെയ്തു....മുഖത്തെന്തോ ഭാവമാറ്റം..കുര്യച്ചൻ അടുത്ത് വന്നു..

“സിസിലിയാണ് വിളിച്ചത്.. മോൾക്കെന്തോ അസുഖം കുറച്ചു കൂടി ... ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ..”

         ഓട്ടോ വിളിച്ചതും കയറ്റിയതും എല്ലാം കുര്യച്ചനായിരുന്നു.. അയാൾ ഒന്നും പറഞ്ഞില്ല.. അയാളുടെ മൂക്കിലേക്ക് എന്തോ ഒരു ദുർഗന്ധം അടിച്ചു കയറി... ഹോസ്പിറ്റലിൽ എത്തി ഓട്ടോയിൽ നിന്നിറങ്ങിയപ്പോൾ ആദ്യം കേട്ടത് ഉയർന്നു പൊങ്ങിയ ഒരു നിലവിളിയായിരുന്നു. ആ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ വീനുപോകതിരിക്കാനായി അയാൾ ഓട്ടോയിൽ പിടിച്ചു...
******************

ഓർമ തെളിയുമ്പോൾ താൻ സെമിത്തേരിയിൽ ആണെന്നു അയാളറിഞ്ഞു.. കരഞ്ഞു തളർന്ന സിസിലിയെ ആരോ പൊക്കിയെടുതിരിക്കുകയാണ്.. തന്നെയും കുര്യച്ചൻ താങ്ങി നിർത്തിയിരിക്കുന്നു.. അയാൾ പെട്ടന്ന് കുര്യച്ചനെ വിട്ടു മാറി നിന്നു... തന്റെ നിഴലിനു ഒട്ടും നീളമില്ലെന്നു അയാൾ കണ്ടു... പിന്നെ പൊട്ടികരഞ്ഞു...



*********

Sunday 30 March 2014

റിയാലിറ്റി ഷോ




ഇന്ന് ഏപ്രിൽ ഒന്നാണ്. ലോക വിഡ്ഢിദിനം. ഞാൻ ഇന്ന് വിഡ്ഢിയാക്കപെട്ടിട്ടില്ല. ആരും അതിനു ശ്രമിച്ചിട്ടില്ല എന്നല്ല. ഞാൻ ബുദ്ധിപരമായി രക്ഷപെട്ടു.
 (ഞാൻ എല്ലാ വർഷവും ഒരുപാടു പേരെ ഫൂൾ ആക്കാറുണ്ട്.)

എന്റെ ഭാര്യയും മോളുമാണ് ആദ്യം എന്നെ ഫൂൾ ആക്കാൻ ശ്രമിച്ചത്‌. രാവിലെ  എഴുന്നേറ്റയുടൻ  മോൾ വന്നു കരഞ്ഞു പറഞ്ഞു. അച്ഛന് കുളിക്കാൻ വെള്ളം ചൂടാക്കുമ്പോൾ ഹീറ്ററിൽ നിന്ന് അമ്മക്ക് ഷോക്കടിചെന്നു. ഞാൻ കാണുകയും ചെയ്തു; അവൾ ബാത്റൂമിൽ ഹീറ്ററിൽ പിടിച്ചു നിന്ന് വിറക്കുന്നത്‌. നന്നായിരുന്നു അവളുടെ അഭിനയം.
പക്ഷെ എന്നോടോ....!!!!

പിന്നെ മോളും ഓടി അവളോടൊപ്പം ചേർന്നു. ഒടുവിൽ അവരിരുവരും കൂടി ക്ലൈമാക്സും അഭിനയിച്ചു തീർത്തു.
പക്ഷെ, കേളനുണ്ടോ കുലുക്കം...!!!

ഇതും കണ്ടു വന്ന അച്ഛന്റെയും അമ്മയുടെയും പെർഫോർമൻസ് ആയിരുന്നു പിന്നെ. എനിക്ക് ഭ്രാന്താണെന്നും ഞങ്ങളും അവരോടൊപ്പം പോകുകയാണെന്നും  പറഞ്ഞു ഒരുപാടു കരഞ്ഞു തകർത്തു. ഒടുവിൽ കയറുമെടുത്തു അവരുടെ ആത്മഹത്യാനാടകം.....!!!!! തരമല്ല ഇതിനപ്പുറം കണ്ടവനാണല്ലോ ഞാൻ....!!1

ഇപ്പോൾ നാലുപേരും നിശബ്ദരാണ്.ഞാൻ ഇരുന്നു പത്രം വായിക്കുന്നു. ഞാൻ സന്തോഷത്തിലാണ്. പാവങ്ങൾ  !!! ഒരുപാടു ചിന്തിച്ചു കണ്ടെത്തിയ തന്ത്രം ഒറ്റ നിമിഷം കൊണ്ടല്ലേ ഞാൻ തകർത്തത്...!!! ഒന്നുമല്ലെങ്കിലും ഫൂൾ ആക്കുന്നതിൽ അവരെക്കാളും എക്സ്പീരിയൻസ് കൂടുതലാണല്ലോ എനിക്ക്.......!!!!


***********

Saturday 8 March 2014

നീലിമം




സീൻ 01
ഓടികൊണ്ടിരിക്കുന്ന കാറിന്റെ  ദൃശ്യം. പുറകിലെ സീറ്റിൽ ഇരിക്കുന്ന യുവതിയുടെ sideview . പുറത്ത് അതിവേഗത്തിൽ പുറകിലേക്ക് കുതിക്കുന്ന മരങ്ങൾ, കെട്ടിടങ്ങൾ etc ... ഇടയ്ക്കിടെ പാറിപറക്കുന്ന സാരിത്തുമ്പ്. ..

B.V (സ്ത്രീ ശബ്ദം ): "എങ്ങോട്ടാണീ യാത്ര...? എന്തൊക്കെയാണ് യാത്രയിൽ എനിക്ക് നഷ്ടമാകുന്നത് ...? അരഞ്ഞരഞ്ഞ് ഞാൻ മിനുസങ്ങളിലേക്ക് പാകപെട്ടത് യാത്രയിലാണ്... എന്റെ സ്വപ്നങ്ങളുടെ മന്ദാരപൂക്കൾ ഉണങ്ങികരിഞ്ഞു വീണത് വഴിയിലുടനീളമാണ്. പിന്നെ,...ഞാൻ......എനിക്കന്യയായി തീർന്നതും. ഈശ്വരാ....!!!"

കാർ ഒരു ഗേറ്റ് കടന്നു അകത്തേക്ക് പ്രവേശിക്കുന്നു.സ്ത്രീ കർചീഫ് എടുത്തു മുഖം തുടക്കുന്നു.
Cut.


സീൻ 2
ഒരു കിടപ്പുമുറി
പകുതി ഇരുട്ട്.

ഒരു കിടക്കയിലിരുന്നു കഞ്ഞി കുടിക്കുന്ന യുവാവ്. തൊട്ടടുത്ത്ഭാര്യ നീലിമ..(നേരത്തെ കണ്ട യുവതി.)യുവാവ് ഇടയ്ക്കിടയ്ക്ക് ഭാര്യയുടെ മുഖത്ത് നോക്കുന്നുണ്ട്നീലിമ തല താഴ്ത്തി ഇരിക്കുന്നു. ഭർത്താവ് തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന തിരിച്ചറിവിൽ അവൾ അസ്വസ്തയാണ്. കഞ്ഞി കുടിച്ചു  പ്ലേറ്റ് നീലിമക്ക് കൊടുത്തു കിടക്കയിലേക്ക് ചാരി യുവാവ് : "എന്തിനാടോ താനിങ്ങനെ കഷ്ടപെടുന്നത്? ഞാൻ രക്ഷപെടുമെന്ന് എന്തുറപ്പാ തനിക്കുള്ളത്...? അന്ന് നിന്നെ വിളിച്ചിറക്കി കൊണ്ടുപോരാൻ തോന്നിയ നിമിഷത്തെ ഞാനിപ്പോൾ ശപിക്കുകയാണ് .."

നീലിമ (എണീറ്റ്പ്ലേറ്റ് എടുത്ത്): "കിടന്നോളൂ.. അധികം സംസാരിക്കണ്ട "
കണ്ണുകൾ ഇടയാതിരിക്കാൻ അവൾ പരമാവധി ശ്രദ്ധിക്കുന്നുണ്ട്.
അവൾ പതിയെ പുറത്തേക്ക്.

 Cut.

സീൻ 03

അതേ രാത്രി
അതേ മുറി
 യുവാവ് കിടക്കയിൽ കിടക്കുന്നു.. നീലിമ മുറിയുടെ മൂലയിൽ ഒരു കസേരയിൽ ഇരുന്നു എന്തോ എഴുതുന്നു. ഇരുണ്ട വെളിച്ചം മാത്രം.

B.V  : "ഞാൻ ഉറങ്ങാൻ പോകുന്നു. തീർത്തും ശൂന്യമായ ഒരു മനസ്സുമായി. ആപേക്ഷികമായ ശരിതെറ്റുകളെകുറിച്ചുള്ള ചിന്തകൾ ഇപ്പോൾ എന്നെ അലട്ടുന്നില്ല. ഭാവി എന്റെ വിദൂര ചിന്തകളിൽ പോലുമില്ല. എന്റെ മനസ്സിന്റെ   പുറംചട്ടയിലെ blurb- വായിക്കാൻ കഴിയുന്നത്ഇത്രമാത്രം. എനിക്ക് ശ്യാമിന്റെ ജീവിതം തിരിച്ചു പിടിക്കണം. പുസ്തകം ഞാൻ തുറക്കാതെ തന്നെ വെക്കുന്നു."
ഡയറി അടച്ചു വെച്ച് ദീർഘശ്വാസം വിടുന്ന നീലിമ. അത് ശ്രദ്ധിക്കുന്ന ഭർത്താവ്.

Cut.

സീൻ 04
അതേ രാത്രി
അതേ മുറി

നിലത്തു വിരിച്ച കിടക്കയിൽ കിടക്കുന്ന നീലിമനീലിമയുടെ വയറ്റിലൂടെ അരിച്ചു നീങ്ങുന്ന പുരുഷന്റെ വിരലുകൾനീലിമ ഞെട്ടി എണീറ്റ്മാറി നിൽകുന്നു. കിടക്കയിൽ ഇരിക്കുന്ന ശ്യാം അർദ്ധനഗ്നനാണ്‌.

ശ്യാം: "മോളൂ ..വാ കിടക്ക്‌"
നീലിമ: "എന്താ ശ്യാം ഇത്.. എഴുന്നേറ്റു പോയി കിടക്കൂ..."
ശ്യാം:" എന്താ മോളേ.. നിനക്കെന്നോട് അറപ്പാണോ? എനിക്ക് പകരുന്ന രോഗമൊന്നുമല്ലല്ലോ? പിന്നെന്താ?"
നീലിമ: "ശ്യാം. Don’t be childish..."
ശ്യാം: "നാളെ രാവിലേക്ക് ഞാനെങ്ങാൻ തീർന്നു പോയാൽ..."
നീലിമ (വിതുബികൊണ്ട്): ശ്യാം...പ്ലീസ്....


വല്ലാത്തൊരു ഭാവത്തോടെ നീലിമയെ നോക്കി എണീറ്റ്ശ്യാം കട്ടിലിൽ കിടക്കുന്നു... വിതുമ്പി നിൽക്കുന്ന നീലിമ..

Cut.

സീൻ 05
കാർ ഒരു ഹൊട്ടെലിനു മുൻപിൽ നിർത്തിയിട്ടിരിക്കുന്നു. ഒരാൾ വന്നു ഡോർ തുറന്നു നീലിമയോട്
; “102 ആണ് മുറി.  റിസപ്ഷനിൽ ഞാൻ പറഞ്ഞിട്ടുണ്ട്.. നേരെ പൊയ്ക്കോളൂ.."
നീലിമ പുറത്തിറങ്ങി സാരി കൊണ്ട് പുതച്ചു സാവധാനം നടന്നു പോകുന്നു..
അത് നോക്കി നെടുവീർപ്പിട്ടു അയാൾ ഡ്രൈവെരോട്: "ഇതാണ് യോഗം, വിധി എന്നൊക്കെ പറയുന്നത്.."
ഡ്രൈവർ: “എന്ത് പറ്റി ഇക്കാ? ഇന്ന് സെന്റിയാണല്ലോ?”
ഇക്ക: “ഏതോ നല്ല തറവാട്ടിൽ പിറന്ന കുട്ടിയാ... ഒരുത്തനെ പ്രേമിച്ചു കെട്ടി...ഇപ്പൊ ചെക്കന്റെ തലക്കകത്ത് എന്തോ കുന്ത്രാണ്ടം..എന്തോ വലിയ operation വേണത്രേ...പെണ്ണിന്റെ കയ്യിലാണേൽ കാശുമില്ല.. ഒടുവിൽ എന്റെ കയ്യിൽ വന്നു പെട്ടു.”

ഡ്രൈവർ (മദ്യകുപ്പി പൊട്ടിച്ചു ഗ്ലാസ്സിലൊഴിച്ചു നീട്ടികൊണ്ട് ):  “അപ്പൊ ഇക്കാക്ക്കോളടിച്ചു.. നല്ല ഉഗ്രൻ  സാധനമാണല്ലോ. “

ഇക്ക.: “ഇല്ലെടാ.. അതിന്റെ സങ്കടം കണ്ടാൽ കയ്യിട്ടു വാരാൻ തോന്നില്ല.”

ഒറ്റവലിക്ക് മദ്യം അകത്താക്കുന്നു..

Cut.
സീൻ 06

102 എന്നെഴുതിയ മുറിയുടെ  മുന്നിൽ നിൽകുന്ന നീലിമ.. പതിയെ വാതിലിൽ തട്ടുന്നു. അകത്തു നിന്ന് ഉച്ചത്തിൽ "yes..come in”
ശബ്ദത്തിലെ  പരിചിതത്വം  അവളിൽ  ആകാംക്ഷ  വർദ്ധിപ്പിക്കുന്നുണ്ട്. തിടുക്കം വാതിൽ തുറക്കുന്നതിൽ പ്രകടമാവുന്നുമുണ്ട്. അകത്തു കയറിയ നീലിമയുടെ മുഖത്ത് ഒരു നിമിഷത്തെ നിസ്സംഗത . പിന്നെ പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേക്ക് വീണുപോകുന്നു. കുറച്ചു മുന്നോട്ടു വന്നെങ്കിലും പിന്നെ വരാൻ മടിച്ചു ശ്യാം...!
പതിയെ ഇരുട്ട് പരക്കുന്നുനീലിമയുടെ കരച്ചിൽ B.V
സ്ക്രീനിൽ തെളിയുന്ന കുറിപ്പ്.
"ആരംഭവും അവസാനവും
എപ്പോഴും ഇവിടെ ഉണ്ടായിരുന്നു;
അവസാനത്തിനു ശേഷവും
ആരംഭത്തിനു മുൻപും"
- ടി. എസ്. എലിയട്ട് , എം ടി


********

Friday 21 February 2014

ജനുവരി 30, 2003

ജനുവരി 30, 2003

(എന്നെ തന്നെയല്ലേ ഈ ദിവസം എനിക്ക് നഷ്ടപെട്ടത്????)


രാവിലെ ആറു മണിക്കെഴുന്നേറ്റു.
ഇന്നലെ ശരിക്കു ഉറങ്ങിയിട്ടില്ല. എന്തൊക്കെയോ ചിന്തിച്ചു കിടക്കുകയായിരുന്നു…....
പല്ല് തേച്ചു കുളിച്ചു വന്നപ്പോഴേക്കും സതിയേട്ടൻ പോകാൻ റെഡി ആയിരുന്നു. (സതിയേട്ടന്റെ സ്കൂൾ ടൂർ ആണത്രേ..!)
സതിയേട്ടൻ വന്നു യാത്ര പറഞ്ഞു..
 "ഇന്നലെ ഷബിയും ജുനൈദും പറഞ്ഞ പോലെ ഇനി ഓണത്തിന് കാണാം " കരച്ചിലാണ് വന്നതെങ്കിലും ചിരിച്ചെന്നു വരുത്തി. ആദ്യമായി ഖദർ ഷർട്ടുമിട്ട് സതിയേട്ടൻ ഗേറ്റ് കടന്നു പോയി……


കുളി കഴിഞ്ഞു പാന്റ്സും ബനിയനുമിട്ട് ദോശ കഴിക്കാനിരുന്നു. എല്ലാവരും ചുറ്റുപാടും  നിൽക്കുന്നു..
ചങ്കിൽ എന്തോ തടഞ്ഞ പോലെ ...!!!!!
ദോശ ഒരു പൊട്ടു കഴിച്ചു. നെഞ്ചിൽ നിന്ന് ഇറങ്ങുന്നില്ല. തണുത്ത ഒരു ഗ്ലാസ്‌ ചുക്കുവെള്ളം മാത്രം കുടിച്ച് എഴുന്നേറ്റു. ആരുടേയും മുഖത്ത് നോക്കാതെ...!!!

മുകളിൽ കലേച്ചിയുടെ മുറിയിൽ ചെന്ന് ഷർട്ട്‌ ഇട്ടു. പെട്ടന്ന് കലേച്ചി കയറിവന്നു. 150 രൂപ കയ്യിൽ വച്ചുതന്നു. " വിഷമിക്കൊന്നും വേണ്ട ട്ടോ…. പോയി വലിയ ആളായി വാ.." കലേച്ചിയുടെ മുഖത്തു തന്നെ നോക്കി ചിരിച്ചു.(അകത്തു കരയുകയായിരുന്നെങ്കിലും...!!!) അകത്തെ കരച്ചിൽ പുറത്തേക്കു എത്തുമെന്ന് തോന്നിയ നിമിഷം കലെച്ചിക്ക് കയ്യും കൊടുത്തു സുരേട്ടന്റെ മുറിയിലേക്ക്.


സുരേട്ടന്റെ മുറിയിൽ കണ്ണാടിക്കു മുൻപിൽ എന്തോ ആലോചിച്ചു കുറച്ചു നേരം നിന്നു. അപ്പോഴേക്കും അമ്മ കയറി വന്നു. അമ്മയുടെ മുഖത്തേക്ക് അറിയാതെ ഒന്നു നോക്കിപ്പോയി. പാവം എന്റെ അമ്മ നിന്നു വിങ്ങുകയാണ്. പൊട്ടുകയാണ്‌. അമ്മയെ എനിക്ക് സമാധാനിപ്പിക്കണം എന്നുണ്ട്. കെട്ടിപിടിക്കണം എന്നുണ്ട്. പക്ഷെ അങ്ങനെ ചെയ്താൽ എന്റെ നിയന്ത്രണം എനിക്ക് നഷ്ടപെടുമായിരുന്നു. ഒന്നും ചെയ്യാതെ നിന്നു. പക്ഷെ മനസ്സ് കൊണ്ട് അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചു ഒരുപാടു കരഞ്ഞിരുന്നു ആ സമയം…..!!!
അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എല്ലാവരോടും നന്നായി പെരുമാറണം എന്നും മറ്റും. കണ്ണും മൂക്കും ചെവിയും അടഞ്ഞിരുന്നതിനാൽ അത് കേൾക്കാനോ കാണാനോ മണക്കാനോ കഴിഞ്ഞില്ല. ഞാൻ എന്തോ അസഹിഷ്ണുതയോടെ അമ്മയെ വിളിച്ചു താഴേക്കിറങ്ങി. അമ്മയെ ചേർത്തുനിർത്തി കൈ പിടിച്ചു താഴേക്കിറക്കാൻ മനസ്സ് ആഗ്രഹിക്കാഞ്ഞിട്ടല്ല. പക്ഷെ അമ്മേ എനിക്കതിനു കഴിയുമായിരുന്നില്ല….!!!

താഴേക്ക്‌ ചെന്നതു് വലിയ മുറിയിലേക്കായിരുന്നു. അവിടെ കട്ടിലിൽ ഗീതേച്ചി ഇരിക്കുന്നു.ഗീതേച്ചിക്ക് കൈ കൊടുത്തു.  ഗീതേച്ചിയും എന്തോ പറഞ്ഞു. എല്ലാവരും മുറിക്കു പുറത്തു നിൽക്കുന്നു.
മുറിക്കു പുറത്തിറങ്ങി.
“പോയാലും സാരമില്ല. ഒരു വാച്ച് എടുത്തോ”.. അച്ഛൻ പറഞ്ഞു.
അതിനെ അനുകൂലിച്ചും ഞാൻ വാക്മാൻ കൊണ്ട് പോകുന്നതിനെ  കളിയാക്കിയും സുന്ദുവേട്ടനും എന്തോ പറഞ്ഞു. ഞാൻ വാച്ച് എടുത്തു കെട്ടി. ഞാൻ പുറത്തേക്ക്.
ഒപ്പം.... എല്ലാരും...!!!!

സജു അമ്മയുടെ മുറിയിൽ കിടക്കുകയായിരുന്നു.  അവിടേക്ക് ചെന്നു. കുറച്ചു നേരം മുഖത്തേക്ക് നോക്കി നിന്നു. പാവം ! സുഖമായുറങ്ങുന്നു. വിളിക്കാൻ തോന്നിയില്ല. പക്ഷെ വിളിക്കാതെ ഒരു "ബാബേ" കിട്ടാതെ എനിക്ക് പോകാൻ കഴിയില്ലല്ലോ? !!!!!!

ആദ്യം കവിളിലൊരുമ്മ കൊടുത്തു. ഉണർന്നില്ല.
പിന്നെ മുഖത്തു തട്ടി വിളിച്ചു. എന്നത്തേയും പോലെ വാശി പിടിച്ചു കരയുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ കണ്ണ് തുറന്നു നോക്കി. ഹരിമാമ പോവ്വാണെന്നു പറഞ്ഞപ്പോൾ എന്തോ ആലോചിച്ചു തലയാട്ടി. “ബാബേ” തരാൻ പറഞ്ഞപ്പോൾ എണീറ്റ്‌ കെട്ടിപിടിച്ച് “ബാബേ” തന്നു. ഒരു നാലു വയസ്സുകാരിയിൽ നിന്നു പ്രതീക്ഷിക്കാത്ത പക്വത.!.
(എന്നെ തോല്പിച്ചല്ലോ, പൊട്ടി കരയിച്ചല്ലോ മുത്തെ നീ....!!!!)
കിടന്നോളാൻ പറഞ്ഞു.  അവിടെ അവളുടെ അടുത്ത് കുറച്ചു നേരം കിടക്കണം എന്നുണ്ടായിരുന്നു.
ഇനി എന്നാണ്....?????


അച്ഛമ്മയോട്‌ യാത്ര പറഞ്ഞു. അപ്പോഴേക്കും അനി വന്നു. അവനു കൈ കൊടുത്തു. "ഞാൻ അങ്ങോട്ട്‌ വരാം" എന്നവൻ. അവനോടു ചിരിച്ചു ഉമ്മറത്തേക്ക്. എല്ലവരുമതാ പൂമുഖത്ത്... സുന്ദുവെട്ടൻ പുറത്തിറങ്ങി നിൽക്കുന്നു. ഞാനും പുറത്തേക്കിറങ്ങി. തിരിച്ചു കയറാൻ മനസ്സ് പറയുന്നു. ഇല്ല...........

സുരേട്ടൻ മുന്നിലുള്ള തിണ്ണയിൽ ഇരിക്കുന്നു. രാജേട്ടൻ തിണ്ണയിൽ ചാരി നിൽക്കുന്നു. രാജേട്ടന്റെ കൈ പിടിച്ചു താഴേക്കിറങ്ങി. സുരേട്ടന്റെ മുഖത്തു നോക്കി. വിഷമം തെളിഞ്ഞു കാണുന്നുണ്ട്. ചെരുപ്പിട്ടു. ധൈര്യം കിട്ടാൻ രാജേട്ടനെ കയ്യിൽ പിടിച്ചു മുഖത്തേക്ക് നോക്കി.ഇല്ല.... രാജേട്ടന്റെ കണ്ണുകളും നിറഞ്ഞു വരുന്നു.ഈശ്വരാ.. ഇനി എനിക്ക് പിടിച്ചുനില്ക്കാനാവില്ല... എന്തിനാണ് ഇവരൊക്കെ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്....?

ഞാൻ തിരിഞ്ഞു നടന്നു. എനിക്കറിയാം ... അമ്മ നിന്നു വിങ്ങി പൊട്ടുകയായിരിക്കും. അച്ഛൻ സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും . " അച്ഛാ , അമ്മേ  ഞാൻ പൂവ്വാ ട്ട്വോ " എന്ന് പറയണമെന്നുണ്ട്. ഒരുപാടു ശ്രമിച്ചു. ശബ്ദം വരുന്നില്ല. തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ നടന്നു.ഗേറ്റ് കടന്നു. തിരിഞ്ഞു നോക്കി കൈ പൊക്കി കാണിച്ചു... അവരെയൊന്നും എനിക്ക് കാണാനാവുന്നില്ല. കണ്ണിൽ വെള്ളം നിറഞ്ഞിരിക്കുന്നു. ഒന്നു കൈ വീശി കാണിക്കാൻ പോലുമാവില്ല എനിക്ക് എന്ന് ബോധ്യപ്പെട്ടപ്പോൾ കൈ താഴ്ത്തി , തല താഴ്ത്തി നടന്നു.....


********

Sunday 16 February 2014

പ്രണയം

പ്രണയം
പുറത്ത് മഴ പെയ്യുകയായിരുന്നു...
അകത്ത് അവളും ഞാനും ....

ഒരു സോപ്പുകുമിളയുടെ നൈമിഷികിതയാണ്
പ്രണയത്തിനെന്നു ഞാൻ...
അല്ല...!   അതിനു പ്രകൃതിയുടെ നൈരന്തര്യമുണ്ടെന്നു അവൾ..

പിന്നെ
ഞങ്ങൾ പ്രണയത്തിന്റെ സംഗീതത്തിലേക്ക്....!!!!!!


മയക്കത്തിൽ നിന്നുണർന്നപ്പോൾ
ഞാൻ തനിച്ചായിരുന്നു....
അടുത്ത് കടലാസു തുണ്ടിൽ അവളെനിക്കായ്
കുറിച്ച സ്നേഹോപഹാരം....
"ഗുഡ് ബൈ "

പുറത്ത്
മഴ തോർന്നു തുടങ്ങിയിരുന്നു....


*******