Wednesday 9 April 2014

ആറാമിന്ദ്രിയം


താൻ എങ്ങനെ അവിടെ എത്തപെട്ടു എന്നാണ് അയാൾ അപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നത്.... മോൾക്കുള്ള മരുന്നും വാങ്ങി മെഡിക്കൽ ഷോപ്പിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് അയാൾ അങ്ങോട്ട്‌ നടന്നത്. അല്ലെങ്കിൽ അപ്പോഴാണ് അയാൾക്ക്‌ ബോധം നഷ്ടപെട്ടത്. ഓർമ തെളിയുമ്പോൾ താൻ നിൽക്കുന്നത് സെമിത്തേരിയിൽ ആണെന്ന് അയാളറിഞ്ഞു. അസ്തമയ സൂര്യൻ സൃഷ്ടിക്കുന്ന നിഴലിൽ തനിക്കു നീളം കൂടുതലാണെന്ന് അയാൾ കണ്ടു. ജനനത്തിൽ നിന്ന് മരണത്തിലേക്കുള്ള വളർച്ചയാണ് ജീവിതം എന്ന് ആരോ പറഞ്ഞത് അയാൾ പെട്ടന്നോർത്തു. പെട്ടന്ന് അയാൾ മോളെ കുറിച്ചും കയ്യിലെ മരുന്നിനെ കുറിച്ചും ഓർത്തു. പിന്നെ പെട്ടന്ന് തിരിഞ്ഞു നടന്നു.

*****************

ഇതിപ്പോൾ മൂന്നാമത്തെ തവണയാണ്;……………… എന്താണിത്? ചിന്തകളെല്ലാം  ഒടുവിൽ  മരണം എന്ന വലിയ സത്യത്തിൽ ചെന്നിടിക്കുന്നു; മുങ്ങിതാണ് ശ്വാസം മുട്ടുന്നു. ഭാര്യ അടുത്തുവന്നു കിടന്നത് അറിഞ്ഞെങ്കിലും ഉറങ്ങിയ പോലെ കിടന്നു.മോളുറങ്ങിക്കാണും; അവൾ കൂടുതൽ ചേർന്ന് കിടന്നു.

" ഇന്നെന്തു പറ്റി? അല്ലെങ്കിൽ എത്ര വൈകിയാലും ഞാൻ വരാതെ ഉറങ്ങാറില്ലല്ലോ?”
അവൾ കീഴ്ചുണ്ടിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.
”എയ്.. ഉറങ്ങിയൊന്നുമില്ല”
“ഈശ്വരാ ! മോളുറങ്ങുന്നതിനു  മുൻപേ  ധൃതി കാണിച്ചു  തുടങ്ങുന്ന ആള് തന്നെയാണോ ഇത്? “

         അവളുടെ സംസാരം കേട്ടപ്പോൾ എന്തോ ഈർഷ്യ തോന്നി. കിടപ്പറയിൽ താനൊരു പൈങ്കിളിക്കാരനാണെന്ന് ആദ്യമൊക്കെ അവൾ കളിയാക്കാറു ണ്ടായിരുന്നു. പിന്നെ പിന്നെ തന്നെ സന്തോഷിപ്പിക്കാനാണ് അവളും ഇങ്ങനെയൊക്കെ പറയാൻ തുടങ്ങിയത്. സാധാരണ നന്നായി രസിക്കെണ്ടതാണ്. പക്ഷെ, ഇന്നെന്തോ.....!!

“ഉറങ്ങാം” എന്ന് മാത്രം പറഞ്ഞു ചെരിഞ്ഞു കിടന്നു. മോളുടെ അസുഖം ഒന്നു കുറഞ്ഞുവന്നതാണ് . ഇനി മരുന്ന് മാത്രം കഴിച്ചാൽ മതി എന്നാണ് ഡോക്ടർ പറഞ്ഞത്. ഇതിനിടയിൽ തനിക്കെന്തെങ്കിലും സംഭവിച്ചാൽ... !!!! അടിവയറ്റിൽ നിന്നൊരു കാളൽ മുകളിലേക്കുയർന്നു.  ദൈവം, പ്രാർത്ഥന, വഴിപാടുകൾ അങ്ങനെ ഒരിക്കൽ പുചിച്ചു തള്ളിയ ഒരു നൂറു കൂട്ടം കാര്യങ്ങൾ അയാളുടെ ബുദ്ധിയിൽ മാറാല കെട്ടി.

             പണ്ട് collage കാലത്ത്, വൈകിട്ട് ഹോസ്റ്റലിൽ നിന്ന് പുറത്തു ചാടി ആദ്യം ‘മിനുങ്ങി’യും പിന്നെ പിന്നെ ‘തിളങ്ങി’യും നടന്നിരുന്ന സമയത്താണ് മരണം ഇതുപോലെ കൂടെയുണ്ടായിരുന്നത്. ബൈക്ക് പറക്കുന്ന വേഗത്തിലോടിക്കുമ്പോഴും കൂട്ടുകാരന്റെ ബൈക്കിൽ പുറകിൽ എഴുന്നേറ്റു നിന്ന് അഭ്യാസം കാണിക്കുമ്പോഴും മരണം ഒപ്പം തന്നെ എന്ന് തോന്നിയിരുന്നു. പക്ഷെ അന്ന് ഒരു ഭയവും തോന്നിയിരുന്നില്ല. ഒരു തരം രസിപ്പിക്കുന്ന ഹരമായിരുന്നു.. മരണത്തിന്റെ സാന്നിധ്യം. ഒരിക്കൽ ഇച്ചിരി ഓവറായി രണ്ടാം നിലയിൽ നിന്ന് താഴേക്ക്‌ വീണ് നിസ്സാരപരിക്കുകളോടെ (ഇപ്പോൾ ഓർക്കുമ്പോൾ ദൈവത്തിന്റെ കൃപ!!!! )  ആശുപത്രിയിൽ ബോധം വീഴുമ്പോഴും മരണത്തെ തോൽപിച്ച വീരമായിരുന്നു മനസ്സിൽ. പക്ഷെ ഇപ്പോൾ..!!!!!
അയാൾ കാലുകൾ മടക്കി ചുരുണ്ട് കൂടി.


“ഇതെല്ലാം തന്റെ തോന്നലാന്നെ”.. കുര്യച്ചൻ പറഞ്ഞ അതേ dialog ആണ് ഡോക്ടറും പറഞ്ഞത്. ഇപ്പോഴോ! എന്ന് പുരികമുയർത്തി കുര്യച്ചൻ അയാളെ നോക്കി. അയാൾ പിന്നെയും കടിച്ചു തൂങ്ങുകയായിരുന്നു.
“അല്ല സർ…. തുടർച്ചയായി മൂന്നു തവണയാണിത് സംഭവിച്ചത്.!”

“എടൊ…താനാദ്യം അവിടെ പോകും മുൻപേ...”..

“പോകും മുൻപേ അല്ല സർ….. എത്തും മുൻപേ…” അയാൾ മുറിച്ചു.

“എന്നാ… എത്തും മുൻപേ തന്നെ ഈ ചിന്തകൾ തന്റെ മനസ്സിൽ ഉണ്ടായിരുന്നു. തന്റെ സബ് കൊൻഷ്യസ്മൈൻഡ് തന്നെ കൊണ്ട് ചെയ്യിച്ചതാ ഇതെല്ലാം”

ഇനി തർക്കിച്ചാൽ അതിക്രൂരമായ തെറികൾ കേൾകേണ്ടി വരും എന്ന് തോന്നിയപ്പോൾ നന്ദി പറഞ്ഞു എണീറ്റ്‌ നടന്നു....
നാട്ടിലെ ഏക മനശാസ്ത്രജ്ഞൻ ആണിയാൾ. അയാളുടെ തെറി പറച്ചിൽ കുപ്രശസ്തമാണ്‌. അത് അയാൾ ഒരു ക്രെഡിറ്റ്‌ ആയി കരുതുന്നുമുണ്ട്. (തുറയിൽ മെന്റൽ ക്ലിനിക്‌ എന്ന ബോർഡ്‌ ആരോ തെറിയിൽ മെന്റൽ ക്ലിനിക്‌ എന്നാക്കിയത് മാറ്റാൻ ഇതുവരെ അയാൾ മെനക്കെടാത്തതും അതുകൊണ്ടാണ്..!!! ).

പോരും മുൻപ് അയാൾ ഇത്ര കൂടി പറഞ്ഞു.

“എടോ… ഈ സിക്സ്ത് സെൻസ് എന്നൊക്കെ പറയുന്നത് ഉള്ളതൊന്നുമല്ല. എനർജിയുടെ transformations കൊണ്ട് ചില എഫെക്ട്സ് ഒക്കെ അനുഭവപ്പെടുമെന്നതു ശരിയാണ്. അത് പക്ഷെ മരിക്കാൻ പോകുന്നവരെ നേരെ സെമിത്തേരിയിൽ കൊണ്ട് നിർത്തിയല്ല.. അല്ല.. അങ്ങിനെയാണേ നമ്മുടെ പെണ്ണുങ്ങളെല്ലാം കുടുങ്ങിപോയെനല്ലോ... ഇല്ലേ കുര്യച്ചാ..”

         അയാൾ ഉറക്കെ ചിരിച്ചു .(കൂടെ കുര്യച്ചനും..) അയാൾ പറഞ്ഞതിന്റെ വ്യന്ഗ്യാർത്ഥം മനസ്സിലായില്ലെങ്കിലും അപ്പോൾ അയാൾ ആലോചിച്ചത് ഈ ചിരി അൽപസമയം മുൻപാണെങ്കിൽ അയാളുടെ വായിൽ നിന്ന് തെറിച്ച തുപ്പൽ തുള്ളികളെല്ലാം തന്റെ മുഖത്ത് വീഴു മായിരുന്നല്ലോ എന്നായിരുന്നു. പുറത്തു കടന്ന ഉടൻ അയാളൊന്നു കാർക്കിച്ചു തുപ്പി. അതിന്റെ അർഥം മനസ്സിലായത് കൊണ്ട് കുര്യച്ചൻ ഒന്നും മിണ്ടിയില്ല.

കുര്യച്ചന്റെ മൊബൈൽ ശബ്ദിച്ചു... അത് അറ്റൻഡ് ചെയ്യാനായി കുര്യച്ചൻ അല്പം മാറി നിന്നു.

         അയാൾക്ക്‌ മൊബൈലിന്റെ ശബ്ദം കേൾക്കുന്നതെ വെറുപ്പാണ്.. ഒരിക്കൽ ബസിൽ പോകുമ്പോൾ ഒരു പെണ്‍കുട്ടി മൊബൈലിൽ സംസാരിക്കുന്നതു അയാള് ശ്രദ്ധിച്ചിരുന്നു...ആ പെണ്‍കുട്ടി ചുറ്റുപാടും ശ്രദ്ധിച്ചു മെല്ല ഫോണിൽ ഉമ്മ വക്കുന്നതും അയാൾ കണ്ടു..  ഇടക്കെപ്പോഴോ ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് അയാൾ സ്വന്തം മോളെ സങ്കല്പിച്ചു പോയി. അന്നാണ് അയാൾ മൊബൈൽ വെറുത്തു തുടങ്ങിയത്..  തന്റെയും ഭാര്യയുടെയും മൊബൈൽ അയാൾ അന്ന് തന്നെ വിറ്റു കളഞ്ഞു...

കുര്യച്ചൻ ഫോണ്‍ കട്ട്‌ ചെയ്തു....മുഖത്തെന്തോ ഭാവമാറ്റം..കുര്യച്ചൻ അടുത്ത് വന്നു..

“സിസിലിയാണ് വിളിച്ചത്.. മോൾക്കെന്തോ അസുഖം കുറച്ചു കൂടി ... ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ..”

         ഓട്ടോ വിളിച്ചതും കയറ്റിയതും എല്ലാം കുര്യച്ചനായിരുന്നു.. അയാൾ ഒന്നും പറഞ്ഞില്ല.. അയാളുടെ മൂക്കിലേക്ക് എന്തോ ഒരു ദുർഗന്ധം അടിച്ചു കയറി... ഹോസ്പിറ്റലിൽ എത്തി ഓട്ടോയിൽ നിന്നിറങ്ങിയപ്പോൾ ആദ്യം കേട്ടത് ഉയർന്നു പൊങ്ങിയ ഒരു നിലവിളിയായിരുന്നു. ആ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ വീനുപോകതിരിക്കാനായി അയാൾ ഓട്ടോയിൽ പിടിച്ചു...
******************

ഓർമ തെളിയുമ്പോൾ താൻ സെമിത്തേരിയിൽ ആണെന്നു അയാളറിഞ്ഞു.. കരഞ്ഞു തളർന്ന സിസിലിയെ ആരോ പൊക്കിയെടുതിരിക്കുകയാണ്.. തന്നെയും കുര്യച്ചൻ താങ്ങി നിർത്തിയിരിക്കുന്നു.. അയാൾ പെട്ടന്ന് കുര്യച്ചനെ വിട്ടു മാറി നിന്നു... തന്റെ നിഴലിനു ഒട്ടും നീളമില്ലെന്നു അയാൾ കണ്ടു... പിന്നെ പൊട്ടികരഞ്ഞു...



*********