Friday 6 March 2015

ബാബുവേട്ടൻ എന്ന ഭീകരൻ

ബാബുവേട്ടൻ എന്ന ഭീകരൻ

          ബാബുവേട്ടന് ഒരു കാലില്ല...!! ക്രച്ചസ്സിലൂന്നിയാണ് നടപ്പ്. സ്കൂളിൽ പോകുന്ന വഴിക്കാണ് ഞങ്ങൾ ബാബുവേട്ടനെ കാണാറ്. പേര് അത് തന്നെയാണോ എന്ന് തീർച്ചയില്ല. വിളിച്ചു കേട്ടതോ പറഞ്ഞു കേട്ടതോ ആയ പേരാണ്. ഹെഡ് കോണ്‍സ്റ്റബിൾ-നു കുട്ടൻ പിള്ള എന്ന പേര് പോലെ ആ രൂപത്തിനും മുഖത്തിനും ആ പേര് ചേരുമെന്ന് തോന്നിയതിനാലാകണം അതിലൊരു സംശയം ഉണ്ടായിട്ടില്ല,\; ഇത് വരെ.

       ഞാനും അപ്പുവും കൂടിയാണ് സ്കൂളിലേക്കുള്ള യാത്ര. വീട്ടിൽ നിന്നിറങ്ങുമ്പോൾ  അതേ സ്കൂളിലെ 'മാഷാ'യ ഏട്ടനും കൂടെയുണ്ടാകും. പക്ഷെ, ആദ്യത്തെ വളവു തിരിയുമ്പോഴേക്കും ഏട്ടൻ അപ്രത്യക്ഷനാകും. ഏട്ടന്റെ ഈ ധൃതി ഞങ്ങൾക്ക് തീർച്ചയായും ഒരു സൌകര്യമായിരുന്നു. ഞങ്ങളുടെ കുരുത്തകേടുകൾക്ക് മുകളിൽ കഴുകൻ കണ്ണുകളുമായി ഏട്ടനില്ല എന്ന സ്വാതന്ത്ര്യം !!!

(മാവിലെറിഞ്ഞും പരസ്പരം അടികൂടി മണ്ണിൽ വീണ്‌രുണ്ടും ചൊറിയണ- ത്തിന്റെ ഇല പറിച്ചു മുഖത്ത് തേച്ചും അങ്ങനെ അങ്ങനെ സ്കൂളിലെത്തുന്ന ഒരു ബാല്യം എനിക്കുണ്ടായത് ഏട്ടൻ മനപൂർവം ചെയ്ത ആ 'ധൃതി' കാരണമായിരുന്നു എന്ന് ഞാൻ ഒരുപാടു ഇഷ്ടത്തോടെ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.)

            ഏട്ടന്റെ കൈ പിടിച്ചു ഞാൻ ഒരേ ഒരു ദിവസമേ സ്കൂളിലെതിയിട്ടുള്ളൂ. അത് ഒന്നാം ക്ലാസ്സിലെ ആദ്യത്തെ ദിവസമാണ്. അന്നും ഏട്ടൻ ആദ്യം എന്നെ കൊണ്ട് പോയത് 1B യിലേക്കാണ്. എന്നെ അവിടെയിരുത്തി "മാഷ്" (അങ്ങനെ മാത്രമേ ഞാൻ അന്ന് മുതൽ വിളിച്ചിട്ടുള്ളൂ; ഇന്നു വരെ.) തൊട്ടടുത്ത സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. സമപ്രായക്കാരായ ഒരുപാടു കുട്ടികളുടെ കളിചിരികൾക്കിടയിൽ ഒറ്റപ്പെട്ട്, ഭയപ്പാടുകളോടെ ഞാൻ ഇരുന്നു. എന്നെ തട്ടിക്കൊണ്ടു പോകാൻ വരുന്ന 'കുട്ട്യോളെപിടുത്ത'ക്കാരെ കുറിച്ചായിരുന്നു എന്റെ ഭയം. സ്കൂളിലേക്ക് പുറപ്പെടുന്നതിനു മുന്പുള്ള അമ്മയുടെ ഉപദേശങ്ങളും 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ' എന്ന സിനിമയുമാണ് ആ ഭയം എന്നിലുണ്ടാക്കിയത്. അപ്പോഴാണ് സാരി ധരിച്ച രണ്ടു മൂന്നു സ്ത്രീകൾ ഒരുമിച്ചു അങ്ങോട്ട്‌ കേറി വന്നത്. ഞാൻ ഉറപ്പിച്ചു; ഇത് 'കുട്ട്യോളെപിടുത്ത'ക്കാർ തന്നെ. ഞാൻ നിലവിളിച്ചു കൊണ്ടോടി; ഏട്ടന്റെ അടുത്തേക്ക്. ഒരുപാടു ബുദ്ധിമുട്ടി എന്നെ സമാധാനിപ്പിച്ച ശേഷം ഏട്ടൻ പറഞ്ഞു തന്നു; അത് കുട്ട്യോളെ പിടുത്തക്കാരല്ല; ടീച്ചർമാർ ആണെന്ന്!!!!!!


             പറഞ്ഞു വന്നത്, സ്കൂൾ യാത്രയെക്കുറിച്ച്. മൂന്നു കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. കുറച്ചു റോഡിലൂടെ നടന്നു ഒരു വലിയ പാടം കടന്നു പിന്നെയും കുറച്ചു ദൂരം റോഡിലൂടെ നടന്നു വേണം സ്കൂളിലെത്താൻ. പോകുന്ന വഴിക്ക് ഒരു കള്ളുഷാപ്പുണ്ട്. വഴിയിലെ ഒരു 'DANGER ZONE'  ആയിരുന്നു ഞങ്ങൾക്ക് ഈ കള്ളുഷാപ്. ഈ ലോകത്തെ ദുഷ്ടന്മാരെല്ലാം ഒന്നിച്ചു കൂടുന്ന സ്ഥലമാണ്‌ കള്ളുഷാപ് എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. ആ ഷാപ്പിന്റെ പരിസരത്ത് വച്ചാണ് ഞങ്ങൾ പലവട്ടം ബാബുവേട്ടനെ കണ്ടിട്ടുള്ളത്. 

അന്ന്..........

              അന്ന് സ്കൂൾ കുറച്ചു നേരത്തെ വിട്ടു. കള്ളുഷാപ് കഴിയുന്നത്‌ വരെ ഞങ്ങൾ വേഗത്തിൽ നടന്നു. പിന്നെ ശ്വാസം വിട്ടു.അപ്പോഴാണ് ഞങ്ങൾ അത് കണ്ടത്. അവിടെ ഒരു  'മൂച്ചി'യിൽ (മാവിന് ഞങ്ങളുടെ നാട്ടിൽ 'മൂച്ചി' എന്നാണ് പറയുക) നിറയെ പഴുത്ത മാങ്ങ. വീട്ടിലെത്താൻ ഒരുപാടു സമയവുമുണ്ട്. ഞങ്ങൾക്ക് നിയന്ത്രിക്കാനായില്ല. ഏറു തുടങ്ങി. ഒരു മാങ്ങയും വീഴുന്നില്ല. 
പെട്ടന്നാണ് ആ ചോദ്യം ഞങ്ങൾ കേട്ടത്.

" ആരാടാ ... ആരാന്റെ തൊടിയിലേക്ക്‌ കല്ലെറിയുന്നെ?"

ഞങ്ങൾ ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കി. ബാബുവേട്ടൻ!!!!!
കണ്ണുകൾ ചുവന്നിരിക്കുന്നു. ഷാപ്പിൽ നിന്നുള്ള വരവാണ്. ഞങ്ങൾ വിറച്ചു. ഇന്നത്തോടെ തീർന്നു ജീവിതം....!! ഞങ്ങൾ മനസ്സിലുറപ്പിച്ചു. 

" ഈ ചെയ്ത തെറ്റിന് ഒരു പരിഹാരം വേണമല്ലോ..?" ബാബുവേട്ടൻ

വധശിക്ഷ ഉറപ്പായ പ്രതി വിധി കേൾക്കാൻ നിൽക്കുന്ന മനസ്സോടെ ഞങ്ങൾ നിന്നു. ഇനി ഞങ്ങളെ രക്ഷിക്കാൻ ലോകത്തൊരു ശക്തിയുമില്ലെന്നു ഞങ്ങൾക്കു ഉറപ്പായികഴിഞ്ഞിരുന്നു. 

" നിങ്ങൾ കള്ളു കുടിക്യോ ഡാ "

ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു ഇല്ലെന്നു തലയാട്ടി.

" എങ്കിൽ ഇന്നു രണ്ടു പേരും കള്ളു കുടിച്ചിട്ട് പോയാ മതി ."

വധശിക്ഷയിൽ നിന്നു ജീവപര്യന്തമാക്കി ശിക്ഷ കുറഞ്ഞ ആശ്വാസമായിരുന്നു ഞങ്ങൾക്ക്‌.

"കാശുണ്ടോ കയ്യിൽ ?" ബാബുവേട്ടൻ പോക്കെറ്റിൽ കയ്യിട്ടു. 

"ഇല്ല അല്ലേ ..? ഞാൻ വീട്ടിൽ പോയി കാശ് എടുത്തിട്ട് വരാം. അതുവരെ ഇവിടെ തന്നെ നിൽക്കണം."

ഇതും പറഞ്ഞു ബാബുവേട്ടൻ ക്രച്ചസ്സിലൂന്നി നടന്നു പോയി.

        ഞങ്ങൾ അവിടെ നിന്നു. എന്ത് ചെയ്യണമെന്നു ഞങ്ങൾക്ക്‌ ഒരു പിടിയുമില്ലായിരുന്നു. ചെയ്ത തെറ്റിന്റെ ശിക്ഷ ഏറ്റു വാങ്ങാൻ മനസ്സ് പാകപ്പെടുത്തുകയല്ലാതെ എന്ത് വഴി ? ...
പക്ഷെ കള്ളു കുടിച്ചു വീട്ടിലെത്തിയാൽ...!!!
അതോർക്കുമ്പോൾ.......!!!


" നമുക്കു ഓടിയാലോ ?" അപ്പു ചോദിച്ചു.

അങ്ങനെ ഒരു സാധ്യതയെ പറ്റി ഞാൻ ചിന്തിച്ചതെയില്ലായിരുന്നു. പക്ഷെ അവൻ ഒരു ഓട്ടക്കാരനാണ്. ഓടിയാൽ അവൻ രക്ഷപ്പെടും; ഞാൻ കുടുങ്ങിയതു തന്നെ.

" ഞാൻ ഓടാ.."

ഞാൻ ചിന്തിച്ചു തീരും മുൻപേ അപ്പു ഇതും പറഞ്ഞു ഓടി. ഞാൻ ഒറ്റപ്പെട്ടു. ഇനി വേറെ വഴിയൊന്നുമില്ല. ഞാനും ഓടി.

             പാടം കടന്ന് വീടിനടുത്തുള്ള റോഡിലെത്തിയ ശേഷമാണ് ഞങ്ങൾ നിന്നത്. ഞാൻ അപ്പുവിനൊപ്പം ഓടി എത്തിയ ഒരേ ഒരു ദിവസം അതു മാത്രമാണ്. തിരിഞ്ഞു നോക്കിയപ്പോൾ അങ്ങ് ദൂരെ അവ്യക്തമായി കണ്ട ആ രൂപം ബാബുവേട്ടൻ തന്നെയാണ് എന്നാണ് ഇന്നും ഞങ്ങളുടെ വിശ്വാസം. പരസ്പരം ഒന്നും സംസാരിക്കാതെ ഞങ്ങൾ വീടുകളിലേക്ക് പോയി.


            ബാബുവേട്ടൻ അന്ന് എന്തു ഉദ്ദേശത്തോടെ യാണ് അങ്ങനെയൊക്കെ ചെയ്തത് എന്ന് എനിക്കറിയില്ല. പക്ഷെ അന്ന് മുതൽ ബാബുവേട്ടൻ എനിക്ക് ഒരു ഭീകരനാണ്. ബാബുവേട്ടൻ മാത്രമല്ല ; ഒരു കാലില്ലാതെ ക്രച്ചസ്സിലൂന്നിനടക്കുന്ന എല്ലാവരും.......!!!!!

***********