Wednesday 3 June 2015

ഇതാണ് ന്യൂ ജനറേഷൻ !!!!!!

ഇതാണ് ന്യൂ ജനറേഷൻ !!!!!!


മലയാള സിനിമക്കിത് (വസൂലാക്കാനാകാത്ത) നല്ല കാലം എന്ന  പേരിൽ ഒരു കുറിപ്പ് എഴുതി തുടങ്ങിയിരുന്നു ഞാൻ.  രാമനും ഭാസ്കരനും വിനീതനുമെല്ലാം  തീയറ്ററുകളിൽ  നിറഞ്ഞോടുന്നു എന്ന (സത്യമോ വ്യാജമോ??)  രീതിയിലുള്ള റിപ്പോര്ടുകളും  show-കളും ആയിരുന്നു   കുറിപ്പിന് എന്നെ പ്രേരിപ്പിച്ചത്. മാത്രമല്ല , “വടക്കൻ സെൽഫി”  കണ്ട് ആളുകൾ കയ്യടിക്കുന്നതും കണ്ടു. “വേലയില്ലാ പട്ടതാരി”യും ചില പഴയ ശ്രീനിവാസൻ നമ്പരുകളും പിന്നെ ട്വിസ്റ്റുകൾ സൃഷ്ടിക്കാൻ ശ്രമിച്ചു അന്തം വിട്ടു പോയ ക്ലൈമാക്സ്മാണ് 'സെൽഫി' എന്നറിയാഞ്ഞിട്ടല്ല. ഇത്രയെങ്കിലും കാണാൻ കൊള്ളാവുന്ന രീതിയിൽ പടച്ചു വച്ചല്ലോ എന്ന സന്തോഷമാണ് കയ്യടി. അത് കൊണ്ട് തന്നെ ആളുകൾ സിനിമ കാണുന്നില്ല എന്ന് പറയുന്നതിൽ കഴമ്പില്ല എന്നും ആളുകൾ സിനിമ കാണുന്നത് മുതലാക്കാൻ മലയാള സിനിമയ്ക്കു ആകുന്നില്ല എന്നതാണ് പ്രശ്നം എന്നുമുള്ള  ചിന്തയിൽ  നിന്നായിരുന്നു കുറിപ്പിന്റെ തുടക്കം.


കുറിപ്പിനെ അലസിപ്പിച്ചു കൊണ്ടാണ് അൽഫോൻസ്പുത്രൻ പ്രേമവുമായി വന്നത്. അടികൂടി ടിക്കറ്റ്എടുത്തത്മോശമായില്ല; സത്യം.
മലയാളത്തിന്റെ ഓട്ടോഗ്രാഫ് ആണ് പടം. സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ സിനിമ കണ്ടു കൊണ്ടിരുന്ന രണ്ടര മണിക്കൂറും നമ്മുടെ ചുണ്ടിൽ മായാതെ നിന്ന ആ പുഞ്ചിരിയല്ലാതെ വേറൊന്നുമുണ്ടാകില്ല. എങ്കിലും പ്രേമം നമുക്ക് മനസ്സിലാക്കി തരുന്നുണ്ട് ; എന്താണ് ന്യൂ ജനറേഷൻ എന്ന്. ഫഹദിന്റെ ചുണ്ട് കോർക്കലൊ  അനൂപ്മേനോന്റെയും പല്ലിശ്ശേരിയുടെയുമെല്ലാം  വായു- ജെട്ടി ഡയലോഗുകളല്ല :മറിച്ച് പറയാനുള്ളത് എങ്ങനെ പറയണമെന്നത് സ്വയം തീരുമാനിക്കുകയും അത് ബാക്കി ആരെയും കൂസാതെ പറയുകയും ചെയ്യുക എന്നതാണ് എന്ന്. നമ്മുടെ ആസ്വാദന ബോധത്തെ ഒന്നാകെ മാറ്റി മറിച്ച് കൊണ്ടാണ് അൽഫോൻസ്നമ്മളെ സിനിമ കാണിക്കുന്നത്.


എണ്പതുകളിൽ ജനിച്ചു ഇപ്പോൾ മുപ്പതുകളിലെത്തി നിൽക്കുന്ന ഞാനടങ്ങുന്ന തലമുറയ്ക്ക് ഒരുപാടു പ്രത്യേക സൗഭാഗ്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മമ്മൂട്ടി- മോഹൻലാൽ ഇവരുടെ പ്രതാപകാലം, ക്രിക്കറ്റ്‌- സച്ചിൻ, ക്ലാസ്സിക്കുകളായ സിനിമകൾ, നല്ല തമാശകൾ, ലാൻഡ്ഫോണ്‍- മൊബൈൽ മാറ്റം, ഇന്റെർനെറ്റിന്റെ വരവ്, യാഹൂ മെസ്സെഞ്ചെരിൽ നിന്നും ഒർകുറ്റിലെക്കും പിന്നെ, ഫേസ്ബുക്ക്‌ , വാട്സാപ്പിലെക്കുമുള്ള വളർച്ച അങ്ങനെ എല്ലാം അറിഞ്ഞാസ്വദിച്ച ഒരു തലമുറ ആണത്. തലമുറയിലെ ചില ചെറുപ്പക്കാരാണ് സിനിമയ്ക്കു പിന്നിൽ. സിനിമയിലെ നായകനായ ജോർജും ജനിച്ചത്അതെ സമയത്ത് തന്നെ. 1984 - ജനിച്ച ജോർജിന്റെ 2014 വരെയുള്ള ജീവിതമാണ്സിനിമ. ഒന്ന് കൂടി കൃത്യമായി പറഞ്ഞാൽ മൂന്നു പ്രണയങ്ങൾ. മുപ്പതു വർഷക്കാലത്തെ രണ്ടര മണിക്കൂറിലേക്ക് മനോഹരമായി ചുരുക്കിയിട്ടുണ്ട് സംവിധായകൻ. മുൻപ്, ഏതാണ്ട് ഇതേ കാലയളവ്പറഞ്ഞ സിനിമയായിരുന്നു 1983. പക്ഷെ ഒരു മുൻ മാതൃകകളെയും പിൻപറ്റാതെയാണ് അൽഫോൻസ്കാലം മറച്ചിടുന്നത്. ഇരുട്ടും കൊറേ ഇരുട്ടും കഴിഞ്ഞാൽ മറിയുന്നത് പത്തു വർഷമാണ്‌.

സിനിമ ജോർജിന്റെ കഥയായതു കൊണ്ട് തന്നെ ജോർജ് ആയി അഭിനയിച്ച നിവിൻ പോളിയെ നമുക്ക് നായകൻ എന്നു വിളിക്കാം. ( സത്യത്തിൽ കോയയും ശംഭുവും ജോർജും ജസ്ടിനുമെല്ലാം തുല്യ കഥാപാത്രങ്ങളാണ്). തന്റെ ഏറ്റവും നല്ല പ്രകടനവുമായി നിവിൻ തകർത്തിട്ടുണ്ട്. വിനീത് ശ്രീനിവാസൻ വാർപ്പു മാതൃകകളിൽ നിന്നും പുറത്തു ചാടുക മാത്രമല്ല ഡാൻസ്, ആക്ഷൻ, സെന്റിമെൻസ് അങ്ങനെ എല്ലാം നന്നായി ചെയ്തിട്ടുമുണ്ട്. സംഭവങ്ങളുടെയെല്ലാം WHOLE SALE DEALER- മാരായി കുറെ സംവിധായകർ മലയാളത്തിൽ ജരാനരകൾ ബാധിചിരിപ്പുണ്ട് ; അവർക്ക് പിടി കൊടുക്കാതിരുന്നാൽ നിവിൻ ഇനിയും നമ്മളെ ഇഷ്ട പെടുത്തി കൊണ്ടെയിരിക്കും.


എല്ലാ വിഷയങ്ങൾക്കും Aകിട്ടിയ പോലെയാണ് CASTING-ൽ അൽഫോൻസ്‌. താരതമ്യേന പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളത്രയും. എന്നിട്ടും എല്ലാവരും ഗംഭീരമാക്കിയിട്ടുണ്ട് അവരവരുടെ റോളുകൾ. സ്ത്രീ കഥാപാത്രങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. മൂന്നു നായികമാരും ജോറാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മലർ ആയി വേഷമിട്ട പെണ്കുട്ടി. നൂറിൽ നൂറു മാർക്ക്‌.

പരമ്പരാഗത ചലച്ചിത്ര രീതികളെ തകർത്ത് എറിഞ്ഞിട്ടുണ്ട് ചിത്രത്തിലുടനീളം. കാലത്തിനും സ്നേഹത്തിനും നന്ദി പറയുന്ന THANKS CARD  മുതൽ END CARD വരെ പുതുമ പ്രകടം. മദ്യപാന സദസ്സിൽ സ്ഥിരം വന്നു പോകറുള്ളതാണല്ലോ ഒരു പാട്ട് മലയാള സിനിമയിൽ. അതിനെ "SCENE CONTRA " ആക്കിയത് ഉത്തമോചിതം തന്നെ. അല്ലെങ്കിലും നമ്മൾ കുറെ കാലമായി കണ്ടു കൊണ്ടിരിക്കുന്നതെല്ലാം SCENE CONTRA ആണല്ലോ.!!!


പ്രേമത്തിനെന്ന പോലെ സിനിമക്കും തുടക്കവും ഒടുക്കവുമില്ല. എവിടെ നിന്ന് വേണമെങ്കിലും നിങ്ങൾക്ക് സിനിമ കണ്ടു തുടങ്ങാം, എവിടെയും നിർത്താം. തലകുത്തി നിന്നും കാണാം. എങ്ങനെയായാലും നിങ്ങൾ ആസ്വദിക്കും കാഴ്ച. ഒരു പുതിയ വരവിന്റെ ഇരമ്പം കേൾക്കാം സിനിമയിലുടനീളം. പുത്തൻ സിനിമ സങ്കല്പങ്ങളുമായി ഒരു ടീമിന്റെ വരവിന്റെ ഇരമ്പം. ഇരമ്പം പറയാതെ പറയുന്നുണ്ട് ഇതാണ് ന്യൂ ജനറേഷൻ  എന്ന്‌. ബാക്കിയുള്ളവ SCENE CONTRA. !!!