Friday 21 February 2014

ജനുവരി 30, 2003

ജനുവരി 30, 2003

(എന്നെ തന്നെയല്ലേ ഈ ദിവസം എനിക്ക് നഷ്ടപെട്ടത്????)


രാവിലെ ആറു മണിക്കെഴുന്നേറ്റു.
ഇന്നലെ ശരിക്കു ഉറങ്ങിയിട്ടില്ല. എന്തൊക്കെയോ ചിന്തിച്ചു കിടക്കുകയായിരുന്നു…....
പല്ല് തേച്ചു കുളിച്ചു വന്നപ്പോഴേക്കും സതിയേട്ടൻ പോകാൻ റെഡി ആയിരുന്നു. (സതിയേട്ടന്റെ സ്കൂൾ ടൂർ ആണത്രേ..!)
സതിയേട്ടൻ വന്നു യാത്ര പറഞ്ഞു..
 "ഇന്നലെ ഷബിയും ജുനൈദും പറഞ്ഞ പോലെ ഇനി ഓണത്തിന് കാണാം " കരച്ചിലാണ് വന്നതെങ്കിലും ചിരിച്ചെന്നു വരുത്തി. ആദ്യമായി ഖദർ ഷർട്ടുമിട്ട് സതിയേട്ടൻ ഗേറ്റ് കടന്നു പോയി……


കുളി കഴിഞ്ഞു പാന്റ്സും ബനിയനുമിട്ട് ദോശ കഴിക്കാനിരുന്നു. എല്ലാവരും ചുറ്റുപാടും  നിൽക്കുന്നു..
ചങ്കിൽ എന്തോ തടഞ്ഞ പോലെ ...!!!!!
ദോശ ഒരു പൊട്ടു കഴിച്ചു. നെഞ്ചിൽ നിന്ന് ഇറങ്ങുന്നില്ല. തണുത്ത ഒരു ഗ്ലാസ്‌ ചുക്കുവെള്ളം മാത്രം കുടിച്ച് എഴുന്നേറ്റു. ആരുടേയും മുഖത്ത് നോക്കാതെ...!!!

മുകളിൽ കലേച്ചിയുടെ മുറിയിൽ ചെന്ന് ഷർട്ട്‌ ഇട്ടു. പെട്ടന്ന് കലേച്ചി കയറിവന്നു. 150 രൂപ കയ്യിൽ വച്ചുതന്നു. " വിഷമിക്കൊന്നും വേണ്ട ട്ടോ…. പോയി വലിയ ആളായി വാ.." കലേച്ചിയുടെ മുഖത്തു തന്നെ നോക്കി ചിരിച്ചു.(അകത്തു കരയുകയായിരുന്നെങ്കിലും...!!!) അകത്തെ കരച്ചിൽ പുറത്തേക്കു എത്തുമെന്ന് തോന്നിയ നിമിഷം കലെച്ചിക്ക് കയ്യും കൊടുത്തു സുരേട്ടന്റെ മുറിയിലേക്ക്.


സുരേട്ടന്റെ മുറിയിൽ കണ്ണാടിക്കു മുൻപിൽ എന്തോ ആലോചിച്ചു കുറച്ചു നേരം നിന്നു. അപ്പോഴേക്കും അമ്മ കയറി വന്നു. അമ്മയുടെ മുഖത്തേക്ക് അറിയാതെ ഒന്നു നോക്കിപ്പോയി. പാവം എന്റെ അമ്മ നിന്നു വിങ്ങുകയാണ്. പൊട്ടുകയാണ്‌. അമ്മയെ എനിക്ക് സമാധാനിപ്പിക്കണം എന്നുണ്ട്. കെട്ടിപിടിക്കണം എന്നുണ്ട്. പക്ഷെ അങ്ങനെ ചെയ്താൽ എന്റെ നിയന്ത്രണം എനിക്ക് നഷ്ടപെടുമായിരുന്നു. ഒന്നും ചെയ്യാതെ നിന്നു. പക്ഷെ മനസ്സ് കൊണ്ട് അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചു ഒരുപാടു കരഞ്ഞിരുന്നു ആ സമയം…..!!!
അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എല്ലാവരോടും നന്നായി പെരുമാറണം എന്നും മറ്റും. കണ്ണും മൂക്കും ചെവിയും അടഞ്ഞിരുന്നതിനാൽ അത് കേൾക്കാനോ കാണാനോ മണക്കാനോ കഴിഞ്ഞില്ല. ഞാൻ എന്തോ അസഹിഷ്ണുതയോടെ അമ്മയെ വിളിച്ചു താഴേക്കിറങ്ങി. അമ്മയെ ചേർത്തുനിർത്തി കൈ പിടിച്ചു താഴേക്കിറക്കാൻ മനസ്സ് ആഗ്രഹിക്കാഞ്ഞിട്ടല്ല. പക്ഷെ അമ്മേ എനിക്കതിനു കഴിയുമായിരുന്നില്ല….!!!

താഴേക്ക്‌ ചെന്നതു് വലിയ മുറിയിലേക്കായിരുന്നു. അവിടെ കട്ടിലിൽ ഗീതേച്ചി ഇരിക്കുന്നു.ഗീതേച്ചിക്ക് കൈ കൊടുത്തു.  ഗീതേച്ചിയും എന്തോ പറഞ്ഞു. എല്ലാവരും മുറിക്കു പുറത്തു നിൽക്കുന്നു.
മുറിക്കു പുറത്തിറങ്ങി.
“പോയാലും സാരമില്ല. ഒരു വാച്ച് എടുത്തോ”.. അച്ഛൻ പറഞ്ഞു.
അതിനെ അനുകൂലിച്ചും ഞാൻ വാക്മാൻ കൊണ്ട് പോകുന്നതിനെ  കളിയാക്കിയും സുന്ദുവേട്ടനും എന്തോ പറഞ്ഞു. ഞാൻ വാച്ച് എടുത്തു കെട്ടി. ഞാൻ പുറത്തേക്ക്.
ഒപ്പം.... എല്ലാരും...!!!!

സജു അമ്മയുടെ മുറിയിൽ കിടക്കുകയായിരുന്നു.  അവിടേക്ക് ചെന്നു. കുറച്ചു നേരം മുഖത്തേക്ക് നോക്കി നിന്നു. പാവം ! സുഖമായുറങ്ങുന്നു. വിളിക്കാൻ തോന്നിയില്ല. പക്ഷെ വിളിക്കാതെ ഒരു "ബാബേ" കിട്ടാതെ എനിക്ക് പോകാൻ കഴിയില്ലല്ലോ? !!!!!!

ആദ്യം കവിളിലൊരുമ്മ കൊടുത്തു. ഉണർന്നില്ല.
പിന്നെ മുഖത്തു തട്ടി വിളിച്ചു. എന്നത്തേയും പോലെ വാശി പിടിച്ചു കരയുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ കണ്ണ് തുറന്നു നോക്കി. ഹരിമാമ പോവ്വാണെന്നു പറഞ്ഞപ്പോൾ എന്തോ ആലോചിച്ചു തലയാട്ടി. “ബാബേ” തരാൻ പറഞ്ഞപ്പോൾ എണീറ്റ്‌ കെട്ടിപിടിച്ച് “ബാബേ” തന്നു. ഒരു നാലു വയസ്സുകാരിയിൽ നിന്നു പ്രതീക്ഷിക്കാത്ത പക്വത.!.
(എന്നെ തോല്പിച്ചല്ലോ, പൊട്ടി കരയിച്ചല്ലോ മുത്തെ നീ....!!!!)
കിടന്നോളാൻ പറഞ്ഞു.  അവിടെ അവളുടെ അടുത്ത് കുറച്ചു നേരം കിടക്കണം എന്നുണ്ടായിരുന്നു.
ഇനി എന്നാണ്....?????


അച്ഛമ്മയോട്‌ യാത്ര പറഞ്ഞു. അപ്പോഴേക്കും അനി വന്നു. അവനു കൈ കൊടുത്തു. "ഞാൻ അങ്ങോട്ട്‌ വരാം" എന്നവൻ. അവനോടു ചിരിച്ചു ഉമ്മറത്തേക്ക്. എല്ലവരുമതാ പൂമുഖത്ത്... സുന്ദുവെട്ടൻ പുറത്തിറങ്ങി നിൽക്കുന്നു. ഞാനും പുറത്തേക്കിറങ്ങി. തിരിച്ചു കയറാൻ മനസ്സ് പറയുന്നു. ഇല്ല...........

സുരേട്ടൻ മുന്നിലുള്ള തിണ്ണയിൽ ഇരിക്കുന്നു. രാജേട്ടൻ തിണ്ണയിൽ ചാരി നിൽക്കുന്നു. രാജേട്ടന്റെ കൈ പിടിച്ചു താഴേക്കിറങ്ങി. സുരേട്ടന്റെ മുഖത്തു നോക്കി. വിഷമം തെളിഞ്ഞു കാണുന്നുണ്ട്. ചെരുപ്പിട്ടു. ധൈര്യം കിട്ടാൻ രാജേട്ടനെ കയ്യിൽ പിടിച്ചു മുഖത്തേക്ക് നോക്കി.ഇല്ല.... രാജേട്ടന്റെ കണ്ണുകളും നിറഞ്ഞു വരുന്നു.ഈശ്വരാ.. ഇനി എനിക്ക് പിടിച്ചുനില്ക്കാനാവില്ല... എന്തിനാണ് ഇവരൊക്കെ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്....?

ഞാൻ തിരിഞ്ഞു നടന്നു. എനിക്കറിയാം ... അമ്മ നിന്നു വിങ്ങി പൊട്ടുകയായിരിക്കും. അച്ഛൻ സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും . " അച്ഛാ , അമ്മേ  ഞാൻ പൂവ്വാ ട്ട്വോ " എന്ന് പറയണമെന്നുണ്ട്. ഒരുപാടു ശ്രമിച്ചു. ശബ്ദം വരുന്നില്ല. തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ നടന്നു.ഗേറ്റ് കടന്നു. തിരിഞ്ഞു നോക്കി കൈ പൊക്കി കാണിച്ചു... അവരെയൊന്നും എനിക്ക് കാണാനാവുന്നില്ല. കണ്ണിൽ വെള്ളം നിറഞ്ഞിരിക്കുന്നു. ഒന്നു കൈ വീശി കാണിക്കാൻ പോലുമാവില്ല എനിക്ക് എന്ന് ബോധ്യപ്പെട്ടപ്പോൾ കൈ താഴ്ത്തി , തല താഴ്ത്തി നടന്നു.....


********

Sunday 16 February 2014

പ്രണയം

പ്രണയം
പുറത്ത് മഴ പെയ്യുകയായിരുന്നു...
അകത്ത് അവളും ഞാനും ....

ഒരു സോപ്പുകുമിളയുടെ നൈമിഷികിതയാണ്
പ്രണയത്തിനെന്നു ഞാൻ...
അല്ല...!   അതിനു പ്രകൃതിയുടെ നൈരന്തര്യമുണ്ടെന്നു അവൾ..

പിന്നെ
ഞങ്ങൾ പ്രണയത്തിന്റെ സംഗീതത്തിലേക്ക്....!!!!!!


മയക്കത്തിൽ നിന്നുണർന്നപ്പോൾ
ഞാൻ തനിച്ചായിരുന്നു....
അടുത്ത് കടലാസു തുണ്ടിൽ അവളെനിക്കായ്
കുറിച്ച സ്നേഹോപഹാരം....
"ഗുഡ് ബൈ "

പുറത്ത്
മഴ തോർന്നു തുടങ്ങിയിരുന്നു....


*******