Friday 20 November 2015

അനിവാര്യതകളിൽ ചിലർ


അനിവാര്യതകളിൽ ചിലർ

"അവളിങ്ങനെയാണ്!!"

          ഒരു സിഗരറ്റിൽ നിന്നും അടുത്തത് കത്തിക്കാനെടുത്ത സമയത്തിന് ശേഷമാണ് ക്യാപ്റ്റൻ അങ്ങിനെ പറഞ്ഞത്. ഇതിപ്പോൾ അഞ്ചാമത്തെ സിഗരറ്റാണ്. താൻ വന്നു കയറിയ ശേഷം കത്തിച്ച ആദ്യ സിഗരറ്റിൽ തീർന്നതാണ് തീപ്പെട്ടിയിലെ കമ്പുകൾ. ആ സിഗരറ്റ് അണയും മുൻപേ അടുത്തത് കത്തിച്ചു; പിന്നെ അടുത്തത്; അങ്ങിനെ ഇതാ അഞ്ചാമത്തേതും. ഓരോ സിഗരറ്റും ആയുസ്സിന്റെ പതിനൊന്നു മിനിറ്റ് കുറയ്ക്കും എന്ന് എവിടെയോ വായിച്ചതു പെട്ടന്നോർത്തു. അങ്ങിനെ വരുമ്പോൾ ഇപ്പോൾ ക്യാപ്റ്റൻ- ന്റെ ആയുസ്സ് ഒരു മണിക്കൂറോളം കുറഞ്ഞിരിക്കുന്നു. താൻ വന്നു കയറുമ്പോൾ കണ്ടതിൽ നിന്ന് ഇപ്പോഴത്തെ ക്യാപ്റ്റൻ ഒരു മണിക്കൂറോളം ആയുർവ്യത്യാസം ഉള്ളവനാണല്ലോ എന്നോർത്തപ്പോൾ ചിരി വന്നു. 

             " നിരഞ്ജന ഒരു പ്രത്യേക സ്വഭാവക്കാരിയാ.." ക്യാപ്റ്റൻ തുടർന്നു. അയാളുടെ കണ്ണുകളിൽ നിഴലിച്ച സംശയഭാവത്തിൽ നിന്ന് താൻ മനസ്സിലോർത്ത  ചിരി പുറത്തും ദൃശ്യമായിരുന്നു എന്ന് മനസ്സിലായി. പെട്ടന്ന് ഗൌരവക്കാരനായി; ഒന്ന് തലയാട്ടി കൊണ്ട് ജനാലയിലൂടെ പുറത്തേക്കു നോക്കി. തെരുവിലെ തിരക്കിൽ സ്വയം നഷ്ടപെടാനുള്ള വ്യഗ്രതയുണ്ടയിരുന്നോ നിരഞ്ജനക്ക്!! നടത്തത്തിനിടയിൽ ഊർന്നു വീണ ഷാൾ അവൾ മാറിൽ ഒന്നു പരത്തിയിട്ടു. 

               "തനിക്കു  ആദ്യമായതു കൊണ്ട് ഒരു ചെറിയ ജാള്യത തോന്നുന്നുണ്ടാകും ല്ലേ ? കാര്യമാക്കണ്ട ." ക്യാപ്റ്റൻ പറയുന്നത് കേട്ട് നിരഞ്ജന കണ്ണിൽ നിന്നു മറയുന്നതിനു മുൻപ് തന്നെ നോട്ടം പിൻവലിക്കേണ്ടി വന്നു. ആ സിഗരറ്റും തീരാറായിരിക്കുന്നു. 

" ഏയ്‌ ; അങ്ങനെയൊന്നുമില്ല." തനിക്കെന്തു ജാള്യത.! അവളെപറ്റി എല്ലാമറിയുന്ന ഒരു വിജ്ഞാനകോശം എന്ന ഭാവത്തിൽ മുന്നിലിരിക്കുന്ന അയാളോട് എന്തോ പെട്ടന്ന് സഹതാപം തോന്നി. 

               ക്യാപ്റ്റൻ സിഗരറ്റ് കുത്തികെടുത്തി. പഴയ ഒരു വെള്ളകുപ്പിയാണ് പകുതി മുറിച്ചു ആഷ് ട്രേ ആക്കി മാറ്റിയിരിക്കുന്നത്. ഏതാണ്ട് നിറഞ്ഞിരിക്കുന്നു. പല വലിപ്പത്തിലുള്ള കുറ്റികൾ. ഇതൊക്കെ ഒന്നിച്ചു കൂട്ടിയാൽ എത്ര സിഗരറ്റ് ഉണ്ടാക്കാം ? പഴയ ഒരു കുസൃതി കണക്ക് ഓർമ്മ വന്നു.

" താൻ വൈകീട്ട് ഫ്രീ അല്ലെ?"

"തീർച്ചയായും." ചിരിച്ചു കൊണ്ട് പറഞ്ഞു.

" എങ്കിൽ ബാക്കി വൈകീട്ട്. ഷാർപ് സെവെൻ തെർറ്റി." ക്യാപ്റ്റൻ എണീറ്റുകൊണ്ട് പറഞ്ഞു.

എണീറ്റു തിരിഞ്ഞു നടന്നു.

" അല്ലടോ ! ചോദിയ്ക്കാൻ മറന്നു. തനിക്കെന്താ അവളുടെ കാര്യത്തിൽ ഇത്ര താല്പര്യം ?"      

ഒരു നിമിഷം നിന്നു. തനിക്കന്താണ് നിരഞ്ജനയുടെ കാര്യത്തിൽ ഇത്ര താല്പര്യം എന്ന് !

" വിനൂന്റെ പിറന്നാളല്ലേ ഇന്ന് ....?" വർഷങ്ങൾക്കു പുറകിൽ നിന്നു ആരോ നെറ്റിയിൽ ചന്ദനം തൊട്ടു. മറുപടി പ്രതീക്ഷിച്ചു നിൽക്കുന്ന കാപ്ടനെ അവഗണിച്ചു പടികളിറങ്ങി പോന്നു. 

പടികളിറങ്ങി താഴെ എത്തിയപ്പോഴേക്കും പോക്കെറ്റിൽ കിടന്നു മൊബൈൽ ശബ്ദിച്ചു . അഥീനയാണ്. പാവം ഹോട്ടലിൽ തനിച്ചാണ്. എന്ത് പറയാനാണ് ! ഫോണ്‍ കട്ട്‌ ചെയ്തു.

              സുദർശൻ അറിയാതെ തന്റെ കൂടെ ഇങ്ങനെ ഒരു യാത്രക്ക് ഇറങ്ങി പുറപ്പെട്ടപ്പോൾ അവൾ വിചാരിച്ചു കാണില്ല; ഇങ്ങനെ ഒരനുഭവം.എപ്പോഴോ തോന്നിയ ഒരു ഇഷ്ടം , അല്ലെങ്കിൽ ഒരു ആകർഷണം; പിന്നെ എല്ലാം സംഭവിക്കുകയായിരുന്നു. അല്ലെങ്കിൽ തനിക്കും സുദർശനോട് ഇങ്ങനെയൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ലല്ലോ! ഒരർത്ഥത്തിൽ എല്ലാ ബന്ധങ്ങളും ഇങ്ങിനെതന്നെയാണ്.എപ്പോഴെങ്കിലും തോന്നിയ ഒരിഷ്ടത്തിന്റെ പേരിൽ, അല്ലെങ്കിൽ എന്തെങ്കിലും കടപ്പാടിന്റെ പേരിൽ നാം ബാധ്യസ്ഥപെടുകയാണ് ഓരോ ബന്ധത്തിലും. 

           അഥീനയുമായി ഇവിടെ എത്തിയ അന്നു തന്നെയാണ് നിരഞ്ജനയെ കണ്ടതും. യാദൃശ്ചികമായിരുന്നു അത്. അവൾ തന്നെ കണ്ടോ എന്നു തന്നെ ഉറപ്പില്ല. ആദ്യം ഓർമ വന്നത് അവസാന കണ്ടുമുട്ടലായിരുന്നു. അന്നു തീർത്തും ബാലിശമായി ആണ്  തനെന്തോക്കെയോ ചെയ്തു കൂട്ടിയത് ഇന്ന് തിരിച്ചറിയുന്നുണ്ട്.   അവളുടെ പെരുമാറ്റം വളരെ പക്വമായിരുന്നു. അതിനു ശേഷം ഒന്നോ രണ്ടോ ഫോണ്‍ വിളികൾ . പിന്നെ കാണുന്നത് ഇവിടെ , ഈ നഗരത്തിൽ വച്ച്. 

              ട്രാഫിക്‌ ബ്ലോക്ക്‌ പതിവായിരിക്കുന്നു എവിടെയും. പത്തു മിനിട്ടായി കാർ മെല്ലെ മെല്ലെ മുന്നോട്ടു നീക്കി ഇങ്ങനെ. കാർ ഓടിക്കുന്നത് ഒരു ജോലി തന്നെയാണ്; മാനസികവും ശാരീരികവുമായ സ്ട്രയിൻ തരുന്ന ഒരു ജോലി. ബ്ലോക്കിൽ കുരുങ്ങികിടക്കുന്ന വണ്ടികൾക്കിടയിലൂടെ നടന്നു മുല്ലപ്പൂ വിൽക്കുന്നു ഒരു സ്ത്രീ; ഒരു കുട്ടിയേയും ഒക്കതെടുതിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് മുന്നോട്ടെടുക്കുന്ന വണ്ടികൾ അവരെ ഭയപ്പെടുതുന്നെയില്ല. കാറുകൾക്കുള്ളിൽ നിന്നും ചില സ്ത്രീകൾ വില ചോദിക്കുന്നതും മുല്ലപ്പൂ വാങ്ങുന്നതും കണ്ടു. സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ കണ്ടുപിടിക്കുന്നത് ബിസിനെസ്സിൽ പരമപ്രധാനമാണല്ലോ!

            നിരഞ്ജനയെ പറ്റിയുള്ള അന്വേഷണമായിരുന്നു പിന്നെ ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലും. അവൾ ഇവിടെ ഒരു social  worker ആണ്. അവളുടെ പല സുഹൃതുകളെയും കണ്ടു. അവളുമായി സംസാരിക്കാൻ അവസരങ്ങളുണ്ടാക്കാൻ ശ്രമിച്ചു. അതിൽ അവസാനത്തേതാണ് അല്പം മുൻപ് ചീറ്റിപോയത്. നിരഞ്ജന ആത്മഹത്യയെപറ്റി ഇടയ്ക്കിടെ പറയാറുണ്ട് എന്നു ഒരു സുഹൃത്ത്‌ പറഞ്ഞത് കേട്ടപ്പോൾ ഒരുപാടു വിഷമം തോന്നിയിരുന്നു. പക്ഷെ, അഥീന അതിനെ പറ്റി പറഞ്ഞത് മറ്റൊരു തരത്തിലായിരുന്നു. എല്ലാ മനുഷ്യരും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ആത്മഹത്യ ചെയ്യാൻ അല്ലെങ്കിൽ കൊല ചെയ്യപെടാൻ ആഗ്രഹിക്കുന്നവരാണ്. താൻ മരിച്ചു കഴിഞ്ഞാൽ എല്ലാവരും തന്റെ നഷ്ടത്തിൽ വിഷമിക്കുമെന്നും തന്നെ അറിയുന്നവർ മുഴുവൻ തന്നെ പുകഴ്ത്തി സംസാരിക്കും എന്നൊക്കെയുള്ള ചില ധാരണകളുടെ പ്രതിഫലനം മാത്രമാണ് അത് എന്നും. ആലോചിച്ചപ്പോൾ അത് ശരിയാണെന്നു തോന്നി. താനും പലതവണ അങ്ങിനെ ചിന്തിച്ചിട്ടുണ്ട്. 

            റൂമിലെതുന്നതിനു മുൻപ്, അഥീന വീണ്ടും വിളിക്കുമെന്നാണ് കരുതിയത്‌. പക്ഷെ, ഉണ്ടായില്ല. പണ്ട് , ഗീത ഒരുപാടു പരാതി പറയാറുണ്ടായിരുന്നു. ആവശ്യത്തിനു വിളിക്കുമ്പോഴോന്നും താൻ ഫോണ്‍ എടുക്കില്ല എന്ന്‌. പിന്നെ പതിയെ അവൾ തന്നെ അത് അവസാനിപ്പിച്ചു. അതിനെപറ്റി, ഒരിക്കൽ ചോദിച്ചപ്പോൾ അവൾ ഒരു ഫിസിക്സ്‌ അധ്യാപികയായി പറഞ്ഞത് കൂടുതൽ അരയും തോറും friction  കുറയുകയും    എന്തും എന്തിലേക്കും പാകപ്പെടുകയും ചെയ്യും  എന്നായിരുന്നു. താൻ ചിരിച്ചപ്പോൾ അവൾ പിന്നെയും പറഞ്ഞു; അങ്ങനെ പാകപ്പെടുമ്പോൾ നഷ്ടപെടുന്നത് യന്ത്രങ്ങളുടെ functionality   തന്നെയാവും എന്ന്‌. Divorce കഴിഞ്ഞ ശേഷം താൻ ഗീതയെ ഓർക്കുന്നത് ഇന്നാദ്യമാണ്. വിനായക് വാച്ചിൽ നോക്കി. ഒരുപാടു വൈകിയിരിക്കുന്നു. 

"എന്താണ് ക്യാപ്റ്റൻ പറഞ്ഞത് ?" റൂമിലെത്തിയപാടെ  അഥീന ചോദിച്ചു. 

"ഒന്നുമില്ല; വൈകുന്നേരത്തെ വെള്ളമടി ഫിക്സ് ആയി. അത്രമാത്രം " ചിരിച്ചു കൊണ്ടു പറഞ്ഞു.

"നിരഞ്ജന....?" അഥീന ചോദ്യഭാവത്തിൽ നോക്കി.

" ഏയ്‌ കേട്ടപോലെ ഒന്നുമില്ല. അയാൾ ഒരു വിടുവായനാണ്‌. അയാളുടെ സർവീസ് സ്റ്റോറി എഴുത്തിൽ സഹായിക്കാൻ അവൾ അവിടെ പോകാറുണ്ട്. അത്രമാത്രം. "

" നിരഞ്ജന സംസാരിക്കാൻ നിന്നു കാണില്ല. അല്ലേ?" 

ഫ്രിഡ്ജിൽനിന്നും വെള്ളമെടുത്തു കുടിക്കുന്നതിനിടയിൽ ഇല്ല എന്ന്‌ തലയാട്ടി. 

വെള്ളത്തിന്റെ ബോട്ടിൽ തിരിച്ചു ഫ്രിഡ്ജിൽ വച്ച് തിരിഞ്ഞപ്പോഴാണ് അഥീന തന്റെ വസ്ത്രങ്ങൾ പെട്ടിയിൽ അടുക്കി വെക്കുകയാണെന്നു കണ്ടത്. തന്റെ തുറിച്ചു നോട്ടം അവഗണിച്ചു കൊണ്ടു അഥീന ജോലി തുടർന്നു. 

"എന്താ ഇത് ?"

"ഞാൻ തിരിച്ചു പോകുന്നു. സുദർശനെ വിളിച്ചിരുന്നു ഞാൻ . പിക്ക് ചെയ്യാൻ വരും. ആൻഡ്‌   ഐ തിങ്ക്‌ ഹി കാൻ അണ്ടർസ്റ്റാന്റ് .."

ഒന്നും മിണ്ടിയില്ല.

" ചില തിരിച്ചുപോക്കുകൾ ജീവിതത്തിൽ അനിവാര്യമാണ് വിനു. വഴികൾ കണ്ടെത്തേണ്ടത്‌ നാം തന്നെയാണ് എന്ന്‌ മാത്രം. നിന്റെ ഇരട്ടകുട്ടികൾ കൊല ചെയ്യപെട്ട അബോർഷൻ ടേബിളിൽ നിന്നും നിരഞ്ജന തിരിച്ചു വന്നത് അവളുടെ മാത്രമല്ല; മറ്റു പല ജീവിതങ്ങളിലെക്കുമാണ്. അത് ഈ നിമിഷം വരെ നീ അറിയാതിരുന്നത്‌ നീ ഒരിക്കലും അങ്ങനെ ഒരു തിരിച്ചുപോക്കിന് മുതിരാതതുകൊണ്ട് കൂടിയാണ്.നിരഞ്ജനയിലൂടെ ഞാൻ സുദർശനിലേക്ക് തിരിച്ചു നടക്കുന്നു. നിന്റെ വഴികൾ നിന്നെ തിരയുന്നുണ്ടാവം."

അഥീന ബാഗുമെടുത്തു നടന്നു.

കാണുന്നതും കേൾക്കുന്നതും സംഭവിക്കുന്നതുമെല്ലാം കൂട്ടി വായിക്കാൻ പാടുപെടുകയായിരുന്നു വിനായക്. 

             "ഇതെന്റെ പുതിയ സുഹൃത്ത്‌; വിനായക്" ക്യാപ്റ്റൻ പരിചയപെടുത്തി. നിരഞ്ജന പെട്ടന്ന് തിരിഞ്ഞുനടന്നു പടികളിറങ്ങിപോയി. തെരുവിലെ തിരക്കിൽ സ്വയം നഷ്ടപെടാനുള്ള വ്യഗ്രതയായിരുന്നു അവൾക്ക്. നടത്തത്തിനിടയിൽ ഊർന്നു വീണ ഷാൾ അവൾ മാറിൽ ഒന്നു പരത്തിയിട്ടു.

*****

ഹരീഷ് കുമാർ സി