Tuesday 29 September 2015

ശ്രീരാമജയം...!!!

ചാനലുകളിൽ ചില പഴയ സിനിമകളുടെ പരസ്യം കാണുമ്പോൾ വിചാരിക്കും സിനിമ മുഴുവനായി ഒരിക്കൽ കൂടി കാണണം എന്ന്. പക്ഷെ, കൊട്ടക്കണക്കിനു പരസ്യങ്ങൾക്കിടയിൽ മുറിച്ചു മുറിച്ചു കാണിക്കുന്ന സിനിമ കഷണങ്ങൾ കാണാൻ സാധിക്കാറില്ല എന്നതാണ് സത്യം. പിന്നെ, പല ചാനലുകളിലായി ഓട്ടപ്രദക്ഷിണം നടത്തും. അങ്ങിനെ ഒരു ഓട്ടപ്രദക്ഷിണത്തിനിടയിലാണ് ചന്ദ്രോത്സവം എന്ന  സിനിമ കണ്ടത്. നായകനായ ചിറക്കൽ ശ്രീഹരി അച്ഛന്റെ പഴയ പ്രണയിനിയെ തേടിപ്പിടിച്ചു അടുത്തെത്തുന്നു. അവരോടുള്ള ചോദ്യം.. " കത്തെഴുതുമ്പോൾ ഇപ്പോഴും ശ്രീരാമജയം എന്ന് മുകളിൽ കുറിക്കാരുണ്ടോ?" ഡയലോഗിൽ ടേക്ക് ഓഫ്ചെയ്ത മനസ്സ് പിന്നെ ലാൻഡ്ചെയ്തത് 12 വർഷം മുൻപാണ്‌.

ജോലി കിട്ടി ട്രെയിനിങ്ങിനായി ഒറീസയിലായിരുന്ന കാലം. ഒരുപാടു സ്നേഹ- സുഖ- സൗകര്യങ്ങൾ ജീവിതത്തിൽ നിന്ന് പൊടുന്നനെ മാഞ്ഞു പോയ  സമയം. ഭയാശങ്കകളോടെയല്ലാതെ ചുറ്റും നോക്കാൻ കഴിയില്ലായിരുന്നു. വലിയ മതിലുകൾകുള്ളിൽ അകപ്പെട്ടു ഒരാഴ്ച കഴിഞ്ഞാണ് വീട്ടിലേക്കു ഒന്ന് ഫോണ്‍ ചെയ്യാൻ അവസരം കിട്ടിയത്. അമ്മ ഫോണ്അറ്റൻഡ് ചെയ്തു. അമ്മയുടെഹലോ’ യിൽ ഉള്ളം മുറിയുന്നത്ഞാനറിഞ്ഞു. പിന്നെ ഒന്നും മിണ്ടാതെ കരയാനെ കഴിഞ്ഞുള്ളു. അമ്മയും കരയുകയായിരുന്നു. അകലം പോള്ളലേൽപ്പിച്ച ഞങ്ങൾ!!

പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് ചുറ്റുമുള്ളവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ദിവസവും വീട്ടിലേക്കു കത്തെഴുതാറുള്ള ഞാൻ അതുപോലെ മറ്റൊരാളെ കണ്ടുനീല നിറമുള്ള അടപ്പുള്ള  Reynolds -ന്റെ വെള്ള പേന ഒരുപാടു ബലമായി പിടിച്ചു, ഇൻലന്റ് നല്ല പോലെ അമർത്തി എഴുതുന്ന അക്ഷരങ്ങൾക്ക് നല്ല വടിവുണ്ടായിരുന്നു. ഇൻലന്റ് വചെഴുതിയിരുന്നന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്‌’ പത്രത്തിന്റെ മൂന്നാമത്തെ പേജിൽ നിന്ന് കത്ത് വയിചെടുക്കാമായിരുന്നു. അത്രയും ബലം കൊടുത്തു എഴുതിയിരുന്ന എഴുത്തിനു ഏറ്റവും മുകളിലായി ആവശ്യത്തിൽ കവിഞ്ഞ വടിവോടെ ഒരു ശ്രീ രാമ ജയം ..
കൗതുകത്തോടെ ഞാൻ കണ്ട ശ്രീരാമജയം നൽകുന്ന പോസിറ്റീവ് എനർജിയെ പറ്റി പിന്നെ അവൻ എനിക്ക് പറഞ്ഞു തന്നു. കത്തുകൾ ഞങ്ങൾ ബാക്കി എട്ടു പേർക്കുമായി അവൻ ഉറക്കെ വായിച്ചു. വിഷുവിനു പേരറിയാത്ത ഒരു മഞ്ഞപ്പൂ വിഷുക്കണി വച്ച് അവൻ ഒരു രൂപ കൈ നീട്ടം തന്നു.. ട്രെയിനിംഗ് കഴിഞ്ഞു പിരിഞ്ഞ അവൻ പിന്നീട് അയച്ച കത്തിലും മുകളിൽ ഒരുപാടു ഊർജം ചൊരിഞ്ഞു ശ്രീരാമജയം ഉണ്ടായിരുന്നു.

വർഷങ്ങൾക്കിപ്പുറം, കല്യാണം ക്ഷണിക്കാനായി അവൻ അയച്ച watsapp  text - ന്റെ മുകളിൽ ശ്രീരാമജയം ഞാൻ വല്ലാതെ തിരഞ്ഞുകാണാഞ്ഞു നഖം കടിച്ചു. കാലത്തിന്റെ , അറിവിന്റെ , മനുഷ്യന്റെ വളർച്ചയിൽ നഷ്ടപെട്ടത്, നഷ്ടപെടുന്നത്  എന്തൊക്കെയാണെന്ന്   ഞാനറിഞ്ഞു....


ശ്രീരാമജയം...!!!

*******
ഹരീഷ് കുമാർ സി

No comments:

Post a Comment