Tuesday 19 July 2016

ചക്രപാണിനീയം

ചക്രപാണിനീയം 

        കരിക്കുംപുറത്തെ വറീതിന്റെ മകൾ ഉമ്മുക്കുൽസു അടുക്കളപ്പുറത്തെ വലിയ  മുരിങ്ങാമരത്തിന്റെ ചുവട്ടിൽ ഓക്കാനിച്ച അന്ന് തന്നെയാണ് ചക്രപാണി കാറ് മേടിച്ചത്. ആദ്യത്തെ വിഷയത്തിന്റെ പരദൂഷണ സാധ്യതകളെ മുഴുവൻ നിഷ്പ്രഭമാക്കി കൊണ്ടു അന്ന് കൂടുതൽ നാവുകൾ തൊട്ടടുത്ത കാതുകളിലേക്കു പകർന്നത് രണ്ടാമത്തെ സംഭവമായിരുന്നു. 

"ചക്രപാണി കാറ് മേടിച്ചു ..!!" 

  അസൂയയെക്കാൾ ഏറെ ആ വാക്യത്തിൽ മുഴച്ചു നിന്നതു അത്ഭുതമാണെന്നു വേണം കരുതാൻ. അഞ്ചു വർഷം മുൻപ് ചക്രപാണി ഒരു സൈക്കിൾ വാങ്ങിയപ്പോൾ അതിനെ ഇതേ അത്ഭുതത്തോടെ കണ്ടവരാണ് ആ കോളനിയിലെ എല്ലാവരും. കോളനിയിലെ സാമ്പത്തിക വിചക്ഷണന്മാരൊക്കെ എങ്ങനെ തല പുകച്ചിട്ടും ആ സമസ്യ പൂരിപ്പിക്കാനായില്ല.

  "ചക്രപാണിക്ക് കാറൊക്കെ ഓടിക്കാനറിയോ?" ശങ്കരന്റെ ഭാര്യ വിലാസിനിയുടേതാണ് ചോദ്യം. ശങ്കരനും ഭാസ്കരനും കൂടെ ചക്രപാണിയുടെ സാമ്പത്തിക സാധ്യതകൾ കൂട്ടിക്കിഴിക്കുകയായിരുന്നു. ശങ്കരന്റെ വീട്ടിലെ കക്കൂസ് കുഴി കുത്തിയപ്പോൾ ഇരുനൂറു രൂപയാണ് ദിവസക്കൂലി കൊടുത്തത്. അങ്ങനെ ദിവസവും കൂലി കിട്ടിയാൽ തന്നെ ഒരു കാറ് വാങ്ങാനുള്ള പണം തികയുമോ എന്ന വലിയ കണക്കിന്റെ മേൽ കൂലം കുത്തുകയായിരുന്നു അവർ. അപ്പോഴാണ് വിലാസിനിയുടെ ചോദ്യം.

"ചക്രപാണിക്ക് കാറൊക്കെ ഓടിക്കാനറിയോ?" 

            ശങ്കരനും ഭാസ്കരനും അപ്പോഴാണ് അതിനെപ്പറ്റി ചിന്തിച്ചത്. കാറിനെ ഒരു അലങ്കാര വസ്തു ആയെ അതുവരെ കണ്ടിട്ടുള്ളൂ. അതോടിക്കുക എന്ന അഭ്യാസത്തെ പറ്റി വയറു നിറയെ വാറ്റടിച്ചു കിടന്നുറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ പോലും ചിന്തിച്ചിട്ടില്ല. "ആ പഹയൻ ഇതോടിക്കോ ?  ഓടിക്കുംചാൽ ഓൻ ഇതേടെന്ന് പഠിച്ചു?" ശങ്കരന്റേയും ഭാസ്കരന്റേയും കണ്ണുകൾ പരസ്പരം ചോദിച്ചു.

"ചക്രപാണി കാറ് എവിട്യ നിർത്തിയിടാ?" വയറ്റിലുണ്ടാക്കിയവന്റെ പേര് ഉമ്മുക്കുൽസുവിനെ കൊണ്ടു പറയിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി പരാജയപ്പെട്ടു നിൽക്കുകയായിരുന്നു വറീതും ഭാര്യ സുൽഫത്തും. അപ്പോഴാണ് ഇളയമകൻ ഉമ്മർ ഹസ്സൻ അവന്റെ ഒരു വലിയ പ്രശ്നവുമായി എത്തിയത്.

 "ചക്രപാണി കാറ് എവിട്യ നിർത്തിയിടാ?"

വറീതിനു എവിടെ നിന്നോ എന്തൊക്കെയോ തരിച്ചു കയറി.

"ഓൻ ഏതു xxxxxxxxxxx- ലെങ്കിലും നിർത്തിയിടട്ടെ ..അതിനു അണക്കെന്താടാ ഹിമാറെ.." എന്നു ചോദിച്ചു കൊണ്ടു വറീത് കാലുയർത്തി. സംഭവം പന്തിയല്ലെന്ന് നേരത്തെ മനസ്സിലാക്കിയ ഉമ്മർ, വറീതിന്റെ ഉയർത്തിയ കാലിനടിയിലൂടെ അടുക്കളപ്പുറത്തെത്തി. മക്കളുടെ മുന്നിൽ വച്ചു അസഭ്യം പറഞ്ഞത് ഇഷ്ടമായില്ലെങ്കിലും അതു അപ്പോൾ പറഞ്ഞാൽ ആ ഉയർത്തിയ കാൽ പതിക്കുന്നത് ഒരു പക്ഷെ തന്റെ നാഭിക്കിട്ടായിരിക്കും എന്ന തിരിച്ചറിവിൽ സുൽഫത് മിണ്ടാതെ നിന്നു.

xxxxxxxx

       കുറുപ്പ് മാഷ്‌ടെ വീട്ടിൽ നിന്നു കാറുമായി പുറത്തിറങ്ങിയപ്പോൾ ചക്രപാണി തീർത്തും തകർന്നു പോയിരുന്നു. മാഷ് ഇങ്ങനെ പെരുമാറുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സ്ഥലത്തെ പ്രമുഖ ആദർശവാനാണ് കുറുപ്പ് മാഷ്. കൊറേ പഠിപ്പിച്ചയാൾ, അതിലേറെ പഠിച്ചയാൾ. കോളനിയിൽ വന്നു ഇടക്കിടെ ക്ലാസ്സ് എടുക്കാറുണ്ട്. താനുൾപ്പടെ ഒരുപാട് പേരെ പേരെഴുതാനും ഒപ്പിടാനുമൊക്കെ പഠിപ്പിച്ചത് മാഷാണ്. അങ്ങനെ കോളനിയിലെ എല്ലാവരും പേരെഴുതി ഒപ്പിട്ടപ്പോഴാണ് ആ പഞ്ചായത്തു സമ്പൂർണ സാക്ഷരത നേടിയത്. അതിനു കാരണക്കാരനായ മാഷെ ആദരിക്കാൻ സംഘടിപ്പിക്കാൻ മാഷ് പ്രസംഗിച്ചത് കേട്ടു മുഴുവൻ കോളനിക്കാരും നിർത്താതെ കയ്യടിച്ചിരുന്നു.

"ഞാൻ എന്തെങ്കിലും വലിയ കാര്യം ചെയ്തു എന്നെനിക്കു തോന്നുന്നില്ല. എന്റെ അമ്മപെങ്ങന്മാർക്കു, എന്റെ സഹോദരങ്ങൾക്കു, മക്കൾക്ക്‌ പഠിക്കാൻ, പുരോഗമിക്കാൻ ഞാൻ ഒരു നിമിത്തമായി എന്നു പറഞ്ഞു കേൾക്കുന്നത് തന്നെ സന്തോഷം. ഒരുപാട് ഉയരങ്ങളിലെത്താൻ കഴിവുള്ള പ്രതിഭകൾ ഈ കോളനിയിൽ ഉണ്ട്. അതിനു ഇതൊരു തുടക്കമാകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു."

ചക്രപാണിക്ക് പെട്ടന്ന് ഓക്കാനം വന്നു. ഏതോ പ്രാണി ഉമിനീരിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. ചക്രപാണി അതിനെ നാവിന്റെ തുമ്പിലെടുത്തു പുറത്തേക്കു ശക്തിയായി തുപ്പി. 

           കോളനിയിലേക്ക് കാറ് കയറ്റാനുള്ള വഴി ഇല്ല. അടുത്ത പ്രദേശത്തു കാറ് പാർക് ചെയ്യാൻ പറ്റുന്ന സ്ഥലം മാഷുടെ വീടാണ്. മാഷുടെ മോന് ഒരു കാറുണ്ട്. അതു പക്ഷെ മോൻ ബാംഗ്ലൂരിൽ നിന്നു വരുമ്പോൾ മാത്രമേ കൊണ്ടു വരൂ. തത്കാലം കാറ് അവിടെ നിർത്തിയിടാൻ എന്നു കരുതിയാണ് പോയത്. പക്ഷെ കാര്യം പറഞ്ഞ ഉടൻ മാഷ്‌ടെ ഭാവം മാറി. "എന്റെ തൊടിയിൽ കാറ് കയറ്റാൻ മാത്രം വളർന്നോടാ നീ ?" എന്നൊരലർച്ചയാണുണ്ടായത്. പിന്നെയും എന്തൊക്കെയോ പറഞ്ഞു. തന്നെ ഒപ്പിടാൻ പഠിപ്പിച്ച കുറുപ്പ് മാഷ് ആ ഗേറ്റിനു വെളിയിലെവിടെയോ ചത്തു കിടപ്പുണ്ടാവും എന്നു ചക്രപാണിക്ക് തോന്നി. ഒന്നും പറയാതെ തിരിഞ്ഞു നടന്നു.


       ആദ്യമായി കാറ് കണ്ട നിമിഷം തോന്നിയ ആഗ്രഹമാണ്. കേറിയിരുന്നാൽ മുന്നോട്ടു നീങ്ങുന്ന കാറ് അന്ന് ഒരത്ഭുതമായിരുന്നു. പിന്നെ എപ്പോഴോ മാഷ് തന്നെയാണ് ക്ലച്ച്,ആക്സിലറേറ്റർ, ബ്രേക് എന്നെല്ലാം പഠിപ്പിച്ചത്. ഒരിക്കൽ വരച്ചും കാണിച്ചു തന്നു. രണ്ടു കാൽ കൊണ്ടു ഈ മൂന്നു സാധനങ്ങളും ഒരുമിച്ചു ചവിട്ടുന്ന വിദ്യ ഒരു വലിയ ചോദ്യമായി തോന്നി. പിന്നെ എങ്ങനെയെങ്കിലും പഠിക്കാനുള്ള ശ്രമമായിരുന്നു. പഠിച്ചു കഴിഞ്ഞപ്പോൾ സ്വന്തമാക്കാനും. ഇന്ന് അതും സാധിച്ചു. തെല്ലൊരഭിമാനത്തോടെയാണ് മാഷ്‌ടെ അടുത്തേക്ക് പോയത്. ഇത്രയൊക്കെ ചെയ്ത തന്നെ മാഷ് പ്രശംസിക്കും എന്നു കരുതി. പക്ഷെ...


ചക്രപാണി കോളനിയോട് ചേർന്നുള്ള വായനശാലയുടെ മുന്നിൽ വണ്ടി നിർത്തി. ഇവിടെയിടാം. അല്ലാതെന്തു ചെയ്യും? ഒരുപാട് പേർ ചുറ്റും കൂടിയിട്ടുണ്ട്. എന്നാൽ ആരുടെയും മുഖത്തു പരിചിത ഭാവമില്ല. ഏതോ അന്യഗ്രഹജീവിയെ കാണുന്ന നോട്ടം. തന്റെ ഈ നേട്ടത്തിൽ സന്തോഷിക്കും എന്നുറപ്പുള്ള ഒരാളുണ്ട്. അവളെ ഇതു കാണിക്കണം. വായനശാലയുടെ പുറകിലൂടെ ചക്രപാണി വീട്ടിലേക്കോടി.

xxxxxxx


            ആറു മാസം വയറ്റിലുള്ള ഭാര്യ ജാനുവിനെ പുറകിലിരുത്തി ചക്രപാണി സൈക്കിൾ ആഞ്ഞു ചവിട്ടി. ഭാര്യ ജാനു ചോദിക്കുന്നതും പറയുന്നതുമൊന്നും ചക്രപാണി കേൾക്കുന്നുണ്ടായിരുന്നില്ല. വഴിയിലെ കുഴികളോ കയറ്റങ്ങളോ ഒന്നുമയാൾ അറിഞ്ഞില്ല. അത്ര സമയത്തിനിടയിൽ അനുഭവിച്ച കാര്യങ്ങളുടെ കുപ്പത്തൊട്ടിയിൽ മുങ്ങിപ്പോയ അയാൾക്ക്‌ കാറ് കാണുമ്പോഴുള്ള ജാനുവിന്റെ സന്തോഷം നിറഞ്ഞ മുഖം കാണണമായിരുന്നു; ഒന്നു ശ്വാസമെടുക്കാൻ.

     വീട്ടിലേക്കുള്ള വഴിയിലുടനീളം അകൽച്ചയുടെ പുറംതോടിനകത്തു നിന്നും ജിജ്ഞാസകൾ കഴുത്തു നീട്ടി നിന്നിരുന്നു. ചക്രപാണിക്ക് ആ കോളനിയിൽ അന്ന് പെറ്റു വീണ പോലെ തോന്നി. പലരുടെയും സംഭാഷണങ്ങളിൽ താനൊരു ഭ്രാന്തനും കള്ളനും ഒക്കെ ആയിത്തീർന്നിരിക്കാമെന്നു ചക്രപാണിക്ക് തോന്നി. അതിനു മാത്രം താനെന്താണ് ചെയ്തത്? ആ കോളനിയിൽ ജനിച്ചു പോയതോ, ആരെയും ബുദ്ധിമുട്ടിക്കാതെ രാപകൽ അധ്വാനിച്ചതോ, അതോ ആരുടെ ജീവിതത്തിലേക്കും എത്തി നോക്കാതെ തന്റെ സ്വപ്നങ്ങളും സന്തോഷവുമായി ജീവിച്ചതോ? ചക്രപാണിക്ക് കരച്ചിൽ വന്നു. (ഏറ്റവും വലിയ ഒരാഗ്രഹം സഫലീകരിക്കപ്പെട്ട ദിവസവും ജീവിതത്തിൽ ഏറ്റവും വിഷമിക്കേണ്ടി വരുന്ന ദിവസവും പലപ്പോഴും ഒന്നായി തീരുന്നതു ദൈവത്തിന്റെ ഒരു വല്ലാത്ത സമവാക്യമായിരിക്കാം..!!)

    ചക്രപാണി വായനശാലയുടെ മുന്നിൽ സൈക്കിൾ നിർത്തി. താഴെയിറങ്ങി ജാനുവിനെ നോക്കി. ജാനുവിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അല്ല; ഇതു ആനന്ദക്കണ്ണീരല്ല. മെല്ലെ താഴേക്കു നോക്കി.ജാനുവിന്റെ കാലുകളിലൂടെ ഒലിച്ചിറങ്ങുന്ന ചോര. ഈശ്വരാ !! ചക്രപാണിക്ക് ബോധം മറയുന്ന പോലെ തോന്നി. സഹായത്തിനായി ചുറ്റുപാടും നോക്കി.. ഇല്ല, ആരുമില്ല ; കുറെ അവ്യക്ത മുഖങ്ങൾ മാത്രം.

സഹായിക്കാനാരുമില്ല എന്ന തിരിച്ചറിവിൽ ചക്രപാണി സ്വബോധം വീണ്ടെടുത്തു. കാറ് തുറന്നു ജാനുവിനെ അതിൽ കിടത്തി. എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണം.ഇല്ലെങ്കിൽ ..? കാറിലേക്ക് കയറി താക്കോലിനായി കീശയിൽ പരാതി. കാറിന്റെ താക്കോൽ കാണുന്നില്ല... കയ്യിൽ തടഞ്ഞത് സൈക്കിളിന്റെ താക്കോൽ.  ആ താക്കോൽ കാറിന്റെ കീ ഹോളിലേക്കു കടത്തി കാറ് സ്റ്റാർട് ആക്കാൻ ശ്രമിച്ചു. ഇല്ല; പറ്റുന്നില്ല.ദേവീ..... ചക്രപാണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

വീണ്ടും ചക്രപാണി കീ തിരിച്ചു. ഒന്നു മടിച്ചു കാർ പതിയെ സ്റ്റാർട് ആയി. പിന്നെ മുന്നോട്ടു നീങ്ങി. ചക്രപാണി തന്റെ കാർ ആഞ്ഞു ചവിട്ടി...


xxxxxxx

ഹരീഷ് കുമാർ സി

No comments:

Post a Comment